ദോഹ:ബ്രസീലിനെ അട്ടിമറിച്ച് ഫിഫ ലോകകപ്പിലെ യാത്ര അവസാനിപ്പിച്ച് കാമറൂണ്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കാമറൂണിന്റെ വിജയം. 92ാം മിനിട്ടില്‍ വിന്‍സന്റ് അബൗബക്കറിന്റെ ഗോളിലാണ് കാമറൂണ്‍ ലാറ്റിന്‍ അമേരിക്കന്‍ കരുത്തന്മാരെ പരാജയപ്പെടുത്തിയത്.
നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീല്‍ തോല്‍വി വഴങ്ങിയെങ്കിലും ഗ്രൂപ്പ് ജി യില്‍ ഒന്നാമതായാണ് ഫിനിഷ് ചെയ്തത്. മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ രണ്ടിനെതിരെ മൂന്ന് ഗോളിന് കീഴടക്കിയ സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാം സ്ഥനക്കാരായി അവസാന പതിനാറില്‍ ഇടം നേടി. നാല് പോയിന്റുള്ള കാമറൂണ്‍ മൂന്നാം സ്ഥാനത്തും ഒരു പോയിന്റുള്ള സെര്‍ബിയ നാലാം സ്ഥാനത്തുമായാണ് ഖത്തറിലെ പോരാട്ടം അവസാനിപ്പിച്ചത്.
ഗ്രൂപ്പ് ജി ചാമ്പ്യന്മാരായി മുന്നേറിയ ബ്രസീലിന് സൗത്ത് കൊറിയയാണ് പ്രീ ക്വാര്‍ട്ടറിലെ എതിരാളി. സ്വിറ്റ്സര്‍ലന്‍ഡ് നോക്ക് ഔട്ട് റൗണ്ടില്‍ പോര്‍ച്ചുഗലിനെ നേരിടും. ഡിസംബര്‍ 6,7 തീയതികളിലായാണ് ഈ മത്സരങ്ങള്‍.
കാമറൂണ്‍ പോരാട്ടവീര്യം: പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചെങ്കിലും പകരക്കാരായി അവരോളം പോന്ന മികച്ച താരങ്ങളെയാണ് ബ്രസീല്‍ പരിശീലകന് ടിറ്റൊ കളത്തിലിറക്കിയത്. പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേരത്തെ തന്നെ ഉറപ്പിച്ച കാനറിപ്പട മിന്നും ജയം ലക്ഷ്യമിട്ടാണ് ഇറങ്ങിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു തുടക്കത്തിലെ അവരുടെ നീക്കങ്ങള്‍. ആന്റണി, മാര്‍ട്ടിനെല്ലി, റോഡ്രിഗോ എന്നിവരുടെ മുന്നേറ്റങ്ങള്‍ തടയാന്‍ കാമറൂണിന് നന്നേ പണിപ്പെടേണ്ടി വന്നു.
ബ്രസീല്‍ മുന്നേറ്റങ്ങള്‍ക്ക് ഫൗളുകളിലൂടെയായിരുന്നു കാമറൂണ്‍ മറുപടി നല്‍കിയത്. മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ ആദ്യ പകുതിയില്‍ തന്നെ ആഫ്രിക്കന്‍ സംഘത്തിന് ലഭിച്ചു. മത്സരത്തിന്റെ പതിനാലം മിനിട്ടിലാണ് ബ്രസീലിന് ആദ്യ ഗോള്‍ അവസരം ലഭിക്കുന്നത്.
ഫ്രെഡിന്റെ ക്രോസ് ഹെഡ് ചെയ്ത് വലയിലെത്തിക്കാന്‍ മാര്‍ട്ടിനെല്ലി ശ്രമിച്ചെങ്കിലും കാമറൂണ്‍ ഗോള്‍ കീപ്പര്‍ എപ്പാസി വിലങ്ങുതടിയായി മാറി. മറുവശത്ത് കാമറൂണും മികച്ച നീക്കങ്ങള്‍ നടത്തി. ബ്രസീല്‍ പ്രതിരോധത്തെ വകഞ്ഞുമാറ്റി ചുപ്പോ മോട്ടിങ് 20ാം മിനിറ്റില്‍ മുന്നേറിയെങ്കിലും മിലിറ്റാവൊ മഞ്ഞപ്പടയുടെ രക്ഷയ്ക്കെത്തി.
പിന്നീടും മികച്ച മുന്നേറ്റങ്ങള്‍ നടത്തി ബ്രസീല്‍ കളം നിറഞ്ഞ് കളിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാര്‍ട്ടിനെല്ലിയെടുത്ത ഒരു അത്യുഗ്രന്‍ ഷോട്ടും എപ്പാസി തന്റെ കഴിവ് മുഴുവന്‍ പുറത്തെടുത്ത് തടുത്തിട്ടു. ഇഞ്ചുറി ടൈമില്‍ തന്നെ ബ്രസീല്‍ ബോക്സിലേക്കും കാമറൂണ്‍ കടന്നാക്രമണം നടത്തി.