ദോഹ: ഖത്തറില്‍ രണ്ടാം വിജയം നേടി പറന്നുയര്‍ന്ന് മഞ്ഞക്കിളികള്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാനറിപ്പടയുടെ വിജയം. മുന്നേറ്റനിരയിലെ താരങ്ങള്‍ പരാജയപ്പെട്ടിടത്ത് ബ്രസീലിനായി ഡിഫന്‍ഡിങ് മിഡ്‌ഫീല്‍ഡര്‍ കാസിമിറൊയാണ് എതിര്‍ വലകുലുക്കിയത്.
രണ്ടാം ജയത്തോടെ ഗ്രൂപ്പ് ജിയില്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ബ്രസീല്‍ ഉറപ്പിച്ചു. ആറ് പോയിന്‍റാണ് ടിറ്റൊയുടെ ടീമിന്. മൂന്ന് പോയിന്‍റുള്ള സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുണ്ട്.
അവസരങ്ങള്‍ മുതലാക്കാനാകാത്ത ആദ്യ പകുതി: പരിക്കേറ്റ സൂപ്പര്‍ താരം നെയ്‌മര്‍ ഇല്ലാതെയാണ് ബ്രസീല്‍ രണ്ടാം മത്സരത്തിനിറങ്ങിയത്. നെയ്‌മറുടെ അഭാവത്തില്‍ ഫ്രെഡ് ആദ്യ ഇലവനിലേക്കെത്തി. ആദ്യ മത്സരം കളിച്ച ഡാനിലോയെ പുറത്തിരുത്തിയ പരിശീലകന്‍ പകരക്കാരനായി എഡര്‍ മിലിറ്റാവോയെയാണ് കളത്തിലിറക്കിയത്.
ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു ഇരു കൂട്ടരും തുടക്കം മുതല്‍ നടത്തികൊണ്ടിരുന്നത്. എന്നാല്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചെടുക്കാന്‍ രണ്ട് പേരും നന്നേ പാടുപെട്ടു. 27ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് പിറന്നത്.
ഗോള്‍ കണ്ടെത്താന്‍ സുവര്‍ണാവസരം ലഭിച്ച ബ്രസീലിന്‍റെ വിനീഷ്യസ് ജൂനിയറിന് അത് മുതലാക്കാനായില്ല. റാഫിന്യോ നല്‍കിയ ക്രോസ് കാലിലാക്കി വലയിലെത്തിക്കാനാണ് വിനീഷ്യസിന് സാധിക്കാതെ പോയത്. താരത്തിന്‍റെ ദുര്‍ബലമായ ഷോട്ട് സ്വിസ്സ് ഗോളി യാന്‍ സോമ്മര്‍ തട്ടിയകറ്റി.
31ാം മിനിട്ടിലും റാഫീന്യയുടെ ഷോട്ടും സോമ്മര്‍ കൈകളിലൊതുക്കി. തുടര്‍ന്ന് കാര്യമായി അവരങ്ങള്‍ ഒന്നും നെയ്‌തെടുക്കാന്‍ ഇരു കൂട്ടര്‍ക്കുമായില്ല. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.
ഗോളടിച്ച് മിഡ്‌ഫീല്‍ഡ് ജനറല്‍:പക്വെറ്റയ്‌ക്ക് പകരം റോഡ്രിഗോയെ കളത്തിലിറക്കിയാണ് ബ്രസീല്‍ രണ്ടാം പകുതി തുടങ്ങിയത്. മറുവശത്ത് ഈ സമയം സ്വിറ്റ്‌സര്‍ലന്‍ഡ് ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. മികച്ച അവസരങ്ങള്‍ സൃഷ്‌ടിച്ചെടുക്കാന്‍ സാധിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മ സ്വിസ്സ് പടയ്‌ക്ക് തിരിച്ചടിയായി.
57ാം മിനിട്ടില്‍ ബ്രസീലിന്‍റെ റിച്ചാര്‍ലിസനും കിട്ടിയ മികച്ചൊരു അവസരം ഗോളാക്കാനായില്ല. 64ാം മിനിട്ടില്‍ കാനറിപ്പട എതിര്‍ഗോള്‍ വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിേഷധിക്കപ്പെട്ടു. കാസിമിറൊയുടെ പാസില്‍ വിനീഷ്യസ ജൂനിയറായിരുന്നു സ്വിസ്സ് വലയില്‍ പന്തെച്ചിത്.
ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനായി 73ാം മിനിട്ടില്‍ റാഫിന്യയേയും റിച്ചാര്‍ലിസനേയും മടക്കിവിളിച്ച ടിറ്റോ മൈതാനത്തേക്ക് ആന്‍ണിയെയും ഗബ്രിയല്‍ ജെസ്യൂസിനെയും ഇറക്കിവിട്ടു. 81ാം മിനിട്ടില്‍ ആന്‍റണിയെടുത്ത കോര്‍ണര്‍ കിക്ക് തലവെച്ച് വലയിലെത്തിക്കാന്‍ ഗയ്‌മെറസ് ശ്രമിച്ചു. പക്ഷെ സ്വിസ്സ് ഗോളി സോമറിനെ മറികടക്കാന്‍ ആ ഷോട്ട് മതിയാകുമായിരുന്നില്ല.
രണ്ട് മിനിട്ടിനിപ്പുറം ബ്രസീല്‍ ആരാധകരെ ആവേശക്കൊടുമുടി കയറ്റിയ ഗോള്‍ പിറന്നു. 83ാം മിനിട്ടിലായിരുന്നു മിഡ്‌ഫീല്‍ഡ് ജനറല്‍ കാസിമിറൊയുടെ ഗോള്‍. വിനീഷ്യസ് ജൂനിയര്‍ തുടക്കമിട്ട മുന്നേറ്റത്തില്‍ നിന്നായിരുന്നു കാനറികള്‍ ലീഡ് നേടിയത്.
വിനീഷ്യസിന്‍റെ പാസ് റോഡ്രിഗോ കാസിമിറൊയ്‌ക്ക് മറിച്ചുനല്‍കി. പിന്നാലെ ലഭിച്ച അവസരത്തില്‍ നിന്ന് കിടിലന്‍ ഷോട്ട് പായിച്ച് കാസിമിറൊ ബ്രസീലിന് വിജയപ്രതീക്ഷ സമ്മാനിച്ചു. തുടര്‍ന്ന് ലഭിച്ച അവസരങ്ങള്‍ വലയിലെത്തിക്കാന്‍ കാനറിപ്പടയ്‌ക്കായില്ല. പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഏകഗോള്‍ വിജയവുമായി ലാറ്റിന്‍ അമേരിക്കന്‍ കരുത്തര്‍ പ്രീക്വാര്‍ട്ടറിലേക്ക്.