കേരളം

kerala

ETV Bharat / sports

ഗോളടിമേളവും നൃത്തച്ചുവടും ; ദക്ഷിണ കൊറിയയെ തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറില്‍ - വിനീഷ്യസ് ജൂനിയര്‍

അട്ടിമറി സ്വപ്‌നവുമായെത്തിയ ദക്ഷിണ കൊറിയക്കെതിരെ മത്സരത്തിന്‍റെ ഏഴാം മിനിട്ടിലാണ് ബ്രസീല്‍ ഗോള്‍ വേട്ട തുടങ്ങിയത്. ആദ്യ പകുതി അവസാനിക്കും മുന്‍പ് തന്നെ കാനറിപ്പട നാലെണ്ണം എതിര്‍വലയിലെത്തിച്ചിരുന്നു

fifa world cup 2022  world cup 2022  world cup 2022 round of 16  brazil  south korea  brazil goals against south korea  neymar penalty in wc  ബ്രസീല്‍  ദക്ഷിണ കൊറിയ  ലോകകപ്പ് ഫുട്‌ബോള്‍  ഖത്തര്‍ ലോകകപ്പ്  ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍  ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍  വിനീഷ്യസ് ജൂനിയര്‍  നെയ്‌മര്‍ ഗോള്‍
'ഗോളടിമേളവും നൃത്തച്ചുവടും' ദക്ഷിണ കൊറിയയെ തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറില്‍

By

Published : Dec 6, 2022, 7:55 AM IST

ദോഹ : ഖത്തര്‍ ലോകകപ്പില്‍ ദക്ഷിണ കൊറിയന്‍ സ്വപ്‌നങ്ങളെ തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ നാല് ഗോളിനാണ് കാനറിപ്പടയുടെ വിജയം. ക്വാര്‍ട്ടറില്‍ ജപ്പാനെ ഷൂട്ടൗട്ടില്‍ മറികടന്നെത്തുന്ന ക്രൊയേഷ്യയാണ് മഞ്ഞപ്പടയുടെ എതിരാളി.

അട്ടിമറി സ്വപ്‌നവുമായി സ്‌റ്റേഡിയം 974ല്‍ ഇറങ്ങിയ ദക്ഷിണ കൊറിയയെ ടിറ്റെയുടെ കുട്ടികള്‍ നിലം തൊടാന്‍ അനുവദിച്ചില്ല. തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ട ലാറ്റിന്‍ അമേരിക്കന്‍ സംഘം ആദ്യ പകുതിയില്‍ തന്നെയാണ് നാല് ഗോളും എതിര്‍ വലയിലെത്തിച്ചത്. വിനീഷ്യസ് ജൂനിയര്‍ തുടക്കമിട്ട ഗോള്‍ വേട്ട നെയ്‌മര്‍, റിച്ചാര്‍ലിസണ്‍, ലൂയിസ് പക്വെറ്റ എന്നിവരിലൂടെയാണ് അവസാനിച്ചത്. മറുവശത്ത് രണ്ടാം പകുതിയില്‍ പൈക് സിയുങ് ഹോയാണ് ഏഷ്യന്‍ പടക്കുതിരകള്‍ക്കായി ആശ്വാസ ഗോള്‍ നേടിയത്.

നാലടിച്ച് നാലുപേര്‍ :കാല്‍പ്പന്ത് കളിയുടെ മനോഹാരിത ലോകത്തിന് മുന്നില്‍ കാഴ്‌ചവയ്ക്കുന്ന പ്രകടനമാണ് കൊറിയക്കെതിരെ ബ്രസീല്‍ പുറത്തെടുത്തത്. വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്തത് കൊണ്ട് ഇരുകൂട്ടരും തുടക്കം മുതല്‍ തന്നെ ആക്രമണം അഴിച്ചുവിട്ടു. അതില്‍ മത്സരത്തിന്‍റെ ആദ്യ മിനിട്ടുകളില്‍ തന്നെ കാനറിപ്പട വിജയിക്കുകയും ചെയ്‌തു.

ഏഴാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന് ലീഡ് സമ്മാനിച്ചത്. റാഫീന്യയുടെ മുന്നേറ്റത്തില്‍ നിന്നായിരുന്നു ഗോള്‍.

പന്തുമായി വലതുവിങ്ങിലൂടെ കുതിച്ച റഫീന്യ നല്‍കിയ ക്രോസ് ബോക്‌സിലെ കൂട്ടിയിടികള്‍ക്കൊടുവില്‍ ചെന്നെത്തിയത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന വിനീഷ്യസ് ജൂനിയറിന്‍റെ കാലുകളില്‍. കിട്ടിയ അവസരം മുതലെടുത്ത റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ താരം തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ആദ്യ ഗോളിന്‍റെ ചൂടാറും മുന്‍പ് തന്നെ മഞ്ഞപ്പട രണ്ടാം ഗോളുമടിച്ചു.

പരിക്കില്‍ നിന്ന് മുക്തനായി തിരികെയെത്തിയ സൂപ്പര്‍താരം നെയ്‌മറിന്‍റെ വകയായിരുന്നു രണ്ടാം ഗോള്‍. റിച്ചാര്‍ലിസണെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് ബ്രസീലിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. പത്താം മിനിട്ടില്‍ കിക്കെടുത്ത നെയ്‌മര്‍ ഗോള്‍ കീപ്പറെ കാഴ്‌ചക്കാരനാക്കി അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു.

ആദ്യ 15 മിനിട്ടിനുള്ളില്‍ തന്നെ രണ്ട് ഗോള്‍ വഴങ്ങിയതോടെ തിരിച്ചടി നല്‍കാനുള്ള ശ്രമങ്ങള്‍ ദക്ഷിണ കൊറിയയും നടത്തിക്കൊണ്ടേയിരുന്നു. 16ാം മിനിട്ടില്‍ ഹവാങ് ഹീ ചാന്‍റെ തകര്‍പ്പനൊരു ലോങ് റേഞ്ചര്‍ ഷോട്ട് ബ്രസീല്‍ ഗോള്‍ അലിസണ്‍ കീപ്പര്‍ അത്‌ഭുതകരമായി തട്ടിയകറ്റി. രണ്ട് ഗോളടിച്ചിട്ടും മൂര്‍ച്ച കുറയാതെയുള്ള മുന്നേറ്റങ്ങളായിരുന്നു കാനറിപ്പട നടത്തിക്കൊണ്ടിരുന്നത്.

29ാം മിനിട്ടില്‍ മത്സരത്തിലെ മൂന്നാം ഗോള്‍ പിറന്നു. റിച്ചാര്‍ലിസണായിരുന്നു ഇപ്രാവശ്യം കൊറിയന്‍ വലയിലേക്ക് നിറയൊഴിച്ചത്. മികച്ചൊരു ടീം ഗെയിമിന്‍റെ ഫലമായിരുന്നു ബ്രസീലിന്‍റെ മൂന്നാം ഗോള്‍.

എതിര്‍ വലയിലേക്ക് പന്ത് എത്തിക്കാനുള്ള നീക്കത്തിന് തുടക്കമിട്ടത് റിച്ചാര്‍ലിസണ്‍ ആയിരുന്നു. കൊറിയന്‍ പ്രതിരോധനിര താരങ്ങളെ അമ്പരപ്പിച്ച പന്തടക്കത്തിലൂടെ മുന്നേറിയ റിച്ചാര്‍ലിസണ്‍ മാര്‍ക്വിനോസിലേക്ക് പാസ് കൈമാറി കുതിച്ചു. ഈ സമയം മാര്‍ക്വിനോസ് പന്ത് തിയാഗോ സില്‍വയിലേക്ക് മറിച്ചു.

സില്‍വയുടെ കാലുകളില്‍ നിന്ന് പന്ത് റിച്ചാര്‍ലിസണിലേക്ക്. പാസ് സ്വീകരിച്ച റിച്ചാര്‍ലിസണ്‍ അനായാസം വലയിലെത്തിച്ച് ബ്രസീല്‍ ലീഡ് മൂന്നായി ഉയര്‍ത്തി. ഗോളടി അവിടെയും അവസാനിപ്പിക്കാന്‍ കാനറിപ്പട ഒരുക്കമായിരുന്നില്ല.

എട്ട് മിനിട്ടിനുള്ളില്‍ തന്നെ ബ്രസീല്‍ നാലാം ഗോളുമടിച്ചു. ലൂക്കാസ് പക്വെറ്റയാണ് ഇപ്രാവശ്യം ഗോള്‍ നേടിയത്. 36ാം മിനിട്ടിലായിരുന്നു ഗോള്‍ പിറന്നത്. വിനീഷ്യസ് ജൂനിയര്‍ നല്‍കിയ ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ പക്വെറ്റ വലയിലെത്തിച്ചു.

നാല് ഗോളടിച്ചിട്ടും ആക്രമണങ്ങള്‍ക്ക് കുറവ് വരുത്താന്‍ ബ്രസീല്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലഭിച്ച അവസരം ഗോളാക്കി മാറ്റാന്‍ റിച്ചാര്‍ലിസണിന് സാധിക്കാതെ പോയി.

തിരിച്ചടിയിലെ കൊറിയന്‍ ആശ്വാസം:രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ മടക്കാനുള്ള അവസരം സൗത്ത് കൊറിയക്ക് ലഭിച്ചു. പന്തുമായി മുന്നേറിയ സൂപ്പര്‍ താരം സണ്‍ ഹ്യൂങ് മിന്‍ ഷോട്ടുതിര്‍ത്തെങ്കിലും ബ്രസീല്‍ ഗോള്‍ മുഖം കാത്ത അലിസണ്‍ വിരല്‍ത്തുമ്പ് കൊണ്ട് അത് തട്ടിയകറ്റി. തുടര്‍ന്നും കൊറിയയുടെ അവസരങ്ങളെ അലിസണ്‍ തകര്‍ത്തുകൊണ്ടേയിരുന്നു.

എന്നാല്‍ പകരക്കാരനായെത്തിയ പൈക് സിയുങ് ഹോയുടെ ഷോട്ട് ബ്രസീല്‍ വല തുളച്ചു. 76ാം മിനിട്ടിലായിരുന്നു ഗോള്‍ പിറന്നത്. ബോക്‌സിന് പുറത്തുനിന്നുള്ള ഹോയുടെ ഷോട്ട് അലിസണ് തടഞ്ഞിടാനായില്ല. ഈ ലോകകപ്പില്‍ അലിസണ്‍ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്.

നിരവധി മുന്നേറ്റങ്ങള്‍ രണ്ടാം പകുതിയില്‍ ബ്രസീലും നടത്തിയിരുന്നു. തിരിച്ചടി നല്‍കാന്‍ കൊറിയ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും അതില്‍ വിജയം കണ്ടെത്താന്‍ അവര്‍ക്കുമായില്ല. ഒടുവില്‍ പ്രീ ക്വാര്‍ട്ടറില്‍ അനായാസ ജയം നേടി ബ്രസീല്‍ അവസാന എട്ടിലേക്കും ദക്ഷിണ കൊറിയ നാട്ടിലേക്കും.

ABOUT THE AUTHOR

...view details