ദോഹ: പാറപോലെ ഉറച്ച സെര്‍ബിയന്‍ പ്രതിരോധം. അതിനെ തകര്‍ത്ത റിച്ചാര്‍ലിസന്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജയം പിടിച്ച് ബ്രസീലിയന്‍ പട. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സെര്‍ബിയക്കെതിരെ ബ്രസീല്‍ ജയം. മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ ഉഗ്രരൂപം പൂണ്ട റിച്ചാര്‍ലിസനാണ് കാനറികള്‍ക്കായി രണ്ട് ഗോളും നേടിയത്.
പാളിപ്പോയ മുന്നേറ്റങ്ങള്‍:തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുക എന്നതായിരുന്നു മത്സരത്തില്‍ ബ്രസീലിന്‍റെ പദ്ധതി. ആക്രമണനിരയുമായി ഇറങ്ങിയ ബ്രസീല്‍ ആദ്യം മുതല്‍തന്നെ സെര്‍ബിയന്‍ ബോക്‌സിലേക്ക് ഇരച്ചെത്തി. എന്നാല്‍ ഒത്തൊരുമയോടെ അണിനിരന്ന സെര്‍ബിയന്‍ പ്രതിരോധ കോട്ട കാനറികളുടെ നീക്കങ്ങളെയെല്ലാം ഇല്ലാതാക്കി.
ആദ്യ പകുതിയില്‍ സെര്‍ബിയന്‍ ഡിഫന്‍സിന് മറുപടി നല്‍കാന്‍ നെയ്‌മറിനും സംഘത്തിനുമായില്ല. പല മുന്നേറ്റങ്ങളും ഫിനിഷിങ്ങിലെ പിഴവ് കൊണ്ടും ലക്ഷ്യത്തിലെത്തിക്കാനും ബ്രസീലിന് സാധിച്ചില്ല. ബ്രസീലിന്‍റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ സെര്‍ബിയയുടെ മൂന്ന് ഡിഫന്‍ഡര്‍മാരും മികച്ച് നിന്നു.