ദോഹ: ഒരിടവേളയ്‌ക്ക് ശേഷം ബാലണ്‍ ദ്യോർ പുരസ്‌കാര നിറവിലാണ് ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസേമ ഇക്കുറി ഖത്തര്‍ ലോകകപ്പിനെത്തിയത്. എന്നാല്‍ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ടൂര്‍ണമെന്‍റില്‍ നിന്നും ബെന്‍സേമ പുറത്തായെന്ന വാര്‍ത്ത ആരാധകര്‍ക്ക് നിരാശയാവുകയാണ്. ഇടത് തുടയ്‌ക്കേറ്റ പരിക്കാണ് 34കാരനായ താരത്തിന് തിരിച്ചടിയായത്.
നേരത്തെ തന്നെയുള്ള പരിക്കുമായി ഖത്തറിലെത്തിയ ബെൻസേമയ്‌ക്ക് പരിശീലനത്തിനിടെ കാലിൽ അസാധാരണമായ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിച്ച് എംആർഐ സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് പരിക്ക് സ്ഥിരീകരിച്ചത്. മൂന്ന് ആഴ്‌ച വരെ താരത്തിന് വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ ഒരു മോശം റെക്കോഡും ബെൻസേമയുടെ തലയിലായിരിക്കുകയാണ്. 1978ന് ശേഷം ലോകകപ്പ് നഷ്‌ടമാവുന്ന നിലവിലെ ബാലണ്‍ ദ്യോർ ജേതാവെന്ന മോശം റെക്കോഡാണ് ബെൻസേമയുടെ പേരിലായത്. ബെൻസേമയ്‌ക്ക് മുന്നെ ഡെൻമാർക്ക് താരം അലൻ സൈമൺസൺ ആയിരുന്നു ഈ പട്ടികയിലെ അവസാന പേരുകാരന്‍.