ദോഹ:ലോകകപ്പ് ഫുട്‌ബോളില്‍ സെമി ബെര്‍ത്ത് ലക്ഷ്യമിട്ട് അര്‍ജന്‍റീനയും നെതര്‍ലന്‍ഡ്‌സും ഇന്ന് പോരിനിറങ്ങും. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. പ്രീ ക്വാര്‍ട്ടറില്‍ മെസിപ്പട ഓസ്‌ട്രേലിയയേയും ഡച്ച് സംഘം യുഎസ്‌എയേയും തകര്‍ത്താണ് അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്.
മെസിയുടെ അര്‍ജന്‍റീന: ഖത്തര്‍ ലോകകപ്പില്‍ സൂപ്പര്‍ താരം മെസിയാണ് അര്‍ജന്‍റീനയുടെ ഊര്‍ജം. താരത്തിന്‍റെ കാലുകളറിയാതെ പുല്‍മൈതാനത്ത് ലാറ്റിന്‍ അമേരിക്കന്‍ സംഘത്തിന്‍റെ ഒരു നീക്കങ്ങളും അവസാനിക്കുകയില്ല. ലോകകപ്പില്‍ മൂന്ന് ഗോളടിച്ച മെസി ഒരു ഗോളിന് വഴിതുറക്കുകയും ചെയ്‌തിട്ടുണ്ട്.
മെസിക്കൊപ്പം ഡി മരിയ, ജൂലിയന്‍ അല്‍വാരസ് എന്നിവര്‍ ചേരുന്ന മുന്നേറ്റ നിരയിലാണ് ടീമിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍. മധ്യനിരയിലെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന റോഡ്രിഗോ ഡി പോള്‍ ഹോളണ്ട് പടയ്‌ക്കെതിരെ കളത്തിലിറങ്ങും എന്നത് ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയാണ്. പേശികള്‍ക്ക് പരിക്കേറ്റ താരം ക്വാര്‍ട്ടര്‍ പോരില്‍ പന്ത് തട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ താരം പൂര്‍ണ ആരോഗ്യവാനാണെന്നും നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ടീമിന് വേണ്ടി കളിക്കുമെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട പരിശീലകന്‍ സ്‌കലോണി വ്യക്തമാക്കിയിരുന്നു. ഡച്ച് ആക്രമണങ്ങളെ തകര്‍ക്കാന്‍ സുസജ്ജമാണ് ഓട്ടോമെന്‍ഡിയുടെ നേത്യത്വത്തിലുള്ള അര്‍ജന്‍റീനയുടെ പ്രതിരോധവും.
സൗദിയോട് ഞെട്ടി, പിന്നെ എതിരാളികളെ വിറപ്പിച്ചു: സൗദി അറേബ്യക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയാണ് അര്‍ജന്‍റീന ലോകകപ്പ് യാത്രയ്‌ക്ക് തുടക്കമിട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മെസിയുടെയും സംഘത്തിന്‍റെയും തോല്‍വി. പത്താം മിനിട്ടില്‍ മെസിയുടെ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയ അര്‍ജന്‍റീനക്കെതിരെ രണ്ടാം പകുതിയിലാണ് സൗദി രണ്ട് ഗോളും മടക്കിയത്.
രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ അര്‍ജന്‍റീന തകര്‍ത്തിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. ലയണല്‍ മെസി, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് ടീമിനായി മത്സരത്തില്‍ ഗോള്‍ നേടിയത്.
മൂന്നാം മത്സരത്തില്‍ പോളണ്ടിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലാറ്റിന്‍ അമേരിക്കന്‍ ചാമ്പ്യന്‍മാര്‍ വിജയിച്ച് കയറിയത്. അലെക്‌സിസ് മാക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ് എന്നിവരുടെ വകയായിരുന്നു ഗോളുകള്‍. ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരം തോറ്റ അര്‍ജന്‍റീന തുടര്‍ച്ചയായ രണ്ട് ജയം നേടി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തിയത്.
പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അര്‍ജന്‍റീന ജയം പിടിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ സംഘത്തിനായി മെസിയും ജൂലിയന്‍ അല്‍വാരസുമാണ് എതിര്‍ ഗോള്‍വല കുലുക്കിയത്.