ഖത്തർ: ഖത്തർ ലോകകപ്പിൽ അട്ടിമറികൾ തുടരുന്നു. ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ കരുത്തരായ ഡെൻമാർക്കിനെ ടുണീഷ്യ ഗോൾ രഹിത സമനിലയിൽ തളച്ചു. മത്സരത്തിലുടനീളം ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം കാഴ്‌ചവച്ചെങ്കിലും ഇരുവർക്കും ഗോളുകൾ നേടാനായില്ല. ഗോളി അയ്‌മന്‍ ദഹ്‌മെന്‍റെ സേവുകളും ടുണീഷ്യക്ക് നിര്‍ണായകമായി.
ഡെൻമാർക്കിനെ വരിഞ്ഞുമുറുക്കി ടുണീഷ്യ; മത്സരം ഗോൾ രഹിത സമനിലയിൽ - ടുണീഷ്യ
ഗോളി അയ്‌മന്‍ ദഹ്‌മെന്‍റെ സേവുകളാണ് ടുണീഷ്യയുടെ പ്രകടനത്തിൽ നിർണായകമായത്
ഡെന്‍മാര്‍ക്ക് 3-4-3 ശൈലിയിലും ടുണീഷ്യ 3-4-2-1 ഫോര്‍മേഷനിലുമാണ് കളത്തിലെത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്‌സണിന്‍റെ സാന്നിധ്യം ഡെൻമാർക്കിനൊപ്പമുണ്ടായിരുന്നെങ്കിലും ടീമിനെ അത് വിജയത്തിലേക്കെത്തിച്ചില്ല. ആദ്യ പകുതിയിൽ തന്നെ ആറ് കോർണറുകളും നിരവധി ഫ്രീകിക്കുകളും ലഭിച്ചെങ്കിലും ഇവയൊന്നും കൃത്യമായി മുതലാക്കാൻ കഴിയാത്തതാണ് ഡെൻമാർക്കിന് തിരിച്ചടിയായത്.
കൂടാതെ ടുണീഷ്യയുടെ കനത്ത പ്രതിരോധവും ടീമിന് വിലങ്ങുതടിയായി. രണ്ടാം പകുതിയിൽ 55-ാം മിനിട്ടിൽ ഡെൻമാർക്കിനായി ഓൾസെൻ ഗോൾവല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. തുടർന്നും ഒട്ടേറെ അവസരങ്ങൾ എറിക്‌സണും സംഘവും സൃഷ്‌ടിച്ചുവെങ്കിലും വിജയ ഗോൾ മാത്രം നേടാൻ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.