ന്യൂഡൽഹി: ഇത്തവണത്തെ അണ്ടർ 17 വനിത ലോകകപ്പിന്‍റെ ഫൈനലിന് നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒക്‌ടോബർ 11 മുതൽ 30 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ആദ്യമായാണ് ഇന്ത്യ അണ്ടർ 17 വനിത ലോകകപ്പിൽ കളിക്കുന്നത്.
ഒഡീഷ, ഗോവ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലായി നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഒക്‌ടോബർ 18 ന് അവസാനിക്കും. ഒക്‌ടോബർ 11, 14, 17 തിയതികളിൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുക.
ക്വാർട്ടർ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഒക്‌ടോബർ 21, 22 തിയതികളിലാണ് നടക്കുക. ഡിവൈ പാട്ടീൽ സ്റ്റേഡിയം, ഫത്തോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം എന്നിവിടങ്ങളിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക. ഒക്‌ടോബർ 26ന് ഗോവയിലാണ് സെമിഫൈനൽ മത്സരങ്ങൾ.
ഇത് രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്നത്. 2017ല്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ നടന്നിരുന്നു. ഫിഫയുടെ ചരിത്രത്തില്‍ തന്നെ ഒരു അണ്ടര്‍ 17 ലോകകപ്പിന് ഏറ്റവുമധികം കാണികളെത്തിയ മത്സരം എന്ന റെക്കോഡും 2017 അണ്ടർ 19 ലോകകപ്പിൽ പിറന്നിരുന്നു.