സൂറിച്ച്: 'ചുംബന വിവാദത്തില്‍' (kiss controversy) സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ മേധാവി ലൂയിസ് റൂബിയാലെസിനെ ഫിഫ സസ്പെൻഡ് ചെയ്‌തു (FIFA suspended Spanish football association chief Luis Rubiales). വനിത ലോകകപ്പില്‍ (FIFA Womens World Cup 2023) സ്‌പെയ്‌നിന്‍റെ വിജയത്തിന് ശേഷം ടീമിലെ ജെന്നിഫര്‍ ഹെര്‍മോസോയെ (Jennifer Hermoso) അനുവാദമില്ലാതെ ചുംബിച്ചതിനാണ് ലൂയിസ് റൂബിയാലെസിനെതിരെ ഫിഫ നടപടി. 90 ദിവസത്തേക്കാണ് ലൂയിസ് റൂബിയാലെസിനെ ഫിഫ സസ്പെൻഡ് ചെയ്‌തിരിക്കുന്നത്.
കൂടാതെ ജെന്നിഫര്‍ ഹെർമോസോയുമായി ബന്ധപ്പെടുന്നതിൽ നിന്നും റൂബിയാലെസിന് വിലക്കുണ്ട്. വനിത താരത്തിനെതിരായ ലൂയിസ് റൂബിയാലെസിന്‍റെ അനുചിതമായ പെരുമാറ്റത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ മേധാവി സ്ഥാനത്ത് നിന്നും ലൂയിസ് റൂബിയാലെസിനെ നീക്കിയില്ലെങ്കില്‍ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കില്ലെന്ന് സ്പാനിഷ് വനിത ഫുട്‌ബോളർമാർ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ജെന്നിഫര്‍ ഹെര്‍മോസോയെ ചുംബിച്ചത് പരസ്പര സമ്മതമുള്ളതുകൊണ്ടാണെന്ന് പറഞ്ഞ് തന്‍റെ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ നേരത്തെ ലൂയിസ് റൂബിയാലെസ് ശ്രമം നടത്തിയിരുന്നു. തന്‍റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് നല്‍കുന്ന വിധത്തിലായിരുന്നു ആ ചുംബനമെന്നുമായിരുന്നു റൂബിയാലെസ് പറഞ്ഞത്. എന്നാല്‍ തന്‍റെ സമ്മതത്തോടെയല്ല ചുംബനം നടന്നതെന്ന് ജെന്നിഫര്‍ ഹെര്‍മോസോ ഇതിന് മറുപടി നല്‍കിയിരുന്നു.
ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരം റൂബിയാലെസിനെതിരെ പ്രതികരിച്ചത്. ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾക്ക് ഒരു കായിക ഇനത്തിലോ, ഒരു സാമൂഹിക വ്യവസ്ഥയിലോ ഒരിക്കലും ഒരാളും ഇരയാവാന്‍ പാടില്ല. ഒരു സമ്മതവുമില്ലാതെയുണ്ടായ ലൈംഗിക പ്രവൃത്തിയാണത് എന്നായിരുന്നു താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.