സൂറിച്ച്: ഏറ്റവും പുതിയ ഫിഫ ലോക റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് നേട്ടം. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ പുരുഷ ടീം 104ാം സ്ഥാനത്തെത്തി. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തിലെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്‌ക്ക് തുണയായത്.
ഗ്രൂപ്പ് ഡിയിലെ എതിരാളികളായ അഫ്ഗാനിസ്ഥാന്‍, കംബോഡിയ, ഹോങ്കോങ് എന്നീ ടീമുകളെ തോല്‍പ്പിച്ച സുനില്‍ ഛേത്രിയും സംഘവും ഗ്രൂപ്പ് ചാമ്പ്യന്മാരായി ഏഷ്യന്‍ കപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തില്‍ അഞ്ചാം തവണയും തുടര്‍ച്ചയായ രണ്ടാം തവണയുമാണ് ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടുന്നത്.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) അംഗങ്ങൾക്കിടയിൽ ഇന്ത്യ 19ാം സ്ഥാനത്ത് തുടരുകയാണ്. 23ാം സ്ഥാനത്ത് തുടരുന്ന ഇറാനാണ് എഎഫ്‌സി രാജ്യങ്ങള്‍ക്കിടയില്‍ ഒന്നാമത്. അതേസമയം ബ്രസീല്‍ ഒന്നാം സ്ഥാനത്തും ബെല്‍ജിയം രണ്ടാം സ്ഥാനത്തും തുടരുകയാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അര്‍ജന്‍റീന മൂന്നാം സ്ഥാനത്തെത്തി.
ഒരു സ്ഥാനം നഷ്‌ടപ്പെട്ട ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് താഴ്‌ന്നു. യുവേഫ നാഷന്‍സ് ലീഗിലെ മോശം പ്രകടനമാണ് ഫ്രാന്‍സിന് തിരിച്ചടിയായത്. ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്. സ്‌പെയിന്‍ (ഒരു സ്ഥാനം മെച്ചപ്പെടുത്തി), ഇറ്റലി (ഒരു സ്ഥാനം താഴ്‌ന്ന്), നെതര്‍ലന്‍ഡ്‌സ് (രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന്), പോര്‍ച്ചുഗല്‍ (ഒരു സ്ഥാനം താഴ്‌ന്ന്), ഡെന്മാര്‍ക്ക് (ഒരു സ്ഥാനം മെച്ചപ്പെടുത്തി) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങള്‍.