ദോഹ:ലോകകപ്പില്‍ രാഷ്‌ട്രീയ പ്രേരിതമായ പ്രസ്‌താവനകള്‍ നടത്തിയതിന് ക്രൊയേഷ്യ, സെര്‍ബിയ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്ക് ഫിഫ പിഴ ചുമത്തി. കാനഡ ഗോള്‍ കീപ്പറെ ആരാധകര്‍ അധിക്ഷേപിച്ചതിനാണ് ക്രൊയേഷ്യക്കെതിരെ ഫിഫ നടപടി സ്വീകരിച്ചത്. ബ്രസീലിനെതിരായ ആദ്യ മത്സരത്തിന് മുന്‍പ് ലോക്കര്‍ റൂമില്‍ അയല്‍രാജ്യമായ കൊസോവൊയെ കുറിച്ചുള്ള ബാനര്‍ താരങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനാണ് സെര്‍ബിയക്കെതിരെ നടപടി.
ക്രൊയേഷ്യക്ക് 50000 സ്വിസ്സ് ഫ്രാങ്കും (50000 ഡോളര്‍) സെര്‍ബിയക്ക് 20000 സ്വിസ്സ് ഫ്രാങ്കുമാണ് (21300 ഡോളര്‍) ഫിഫ പിഴയിട്ടിരിക്കുന്നത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടമത്സരത്തിനിടെയാണ് ക്രൊയേഷ്യയില്‍ നിന്ന് പാലായനം ചെയ്‌ത് പോയ കാനഡയുടെ ഗോള്‍ കീപ്പര്‍ മിലന്‍ ബോര്‍ജനെതിരെ ആരാധകര്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്. സെര്‍ബിയന്‍ ബന്ധമുള്ള അദ്ദേഹം ക്രൊയേഷ്യയിലെ സെര്‍ബിയന്‍ മേഖലയിലായിരുന്നു ജനിച്ചത്.
1995ല്‍ സൈന്യം ആ പ്രദേശം പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ കുടുംബം ഉള്‍പ്പടെയുള്ള സെര്‍ബിയക്കാര്‍ പ്രദേശത്ത് നിന്നും പാലായനം ചെയ്‌തത്. ട്രാക്‌ടറുകളിലായിരുന്നു മേഖലയില്‍ നിന്നും സെര്‍ബിയക്കാര്‍ പാലായനം ചെയ്‌തത് എന്നാണ് പറയപ്പെടുന്നത്. നവംബര്‍ 27ന് നടന്ന മത്സരത്തിനിടെ ക്രൊയേഷ്യന്‍ ആരാധകര്‍ ട്രാക്‌ടര്‍ നിർമ്മാതാക്കളായ ജോൺ ഡീറിന്‍റെ പതാക പ്രദര്‍ശിപ്പിക്കുകയും മിലാന്‍ ബോര്‍ജനെ അധിക്ഷേപിക്കുകയുമായിരുന്നു.