റാബറ്റ് (മൊറോക്കോ) :ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ഫൈനലില്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലിനെ 5-3നാണ് റയല്‍ തകര്‍ത്തത്. റയലിനായി വിനീഷ്യസ് ജൂനിയര്‍, ഫെഡറിക്കോ വാല്‍വെര്‍ദ് എന്നിവര്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ കരീം ബെന്‍സേമയുടെ വകയായിരുന്നു ഒരു ഗോള്‍.
മത്സരത്തിന്‍റെ 13-ാം മിനിട്ടിലാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. വിനീഷ്യസ് ജൂനിയറുടെ വകയായിരുന്നു ഗോള്‍. ആദ്യ ഗോള്‍ വീണതിന്‍റെ ഞെട്ടലില്‍ നിന്നും അല്‍ ഹിലാല്‍ മുക്തരാകും മുന്‍പ് തന്നെ റയല്‍ ലീഡുയര്‍ത്തി.
ഫെഡറിക്കോ വാല്‍വെര്‍ദിലൂടെ 18-ാം മിനിട്ടിലാണ് റയല്‍ രണ്ടാം ഗോള്‍ തിരിച്ചടിച്ചത്. രണ്ട് ഗോള്‍ വഴങ്ങിയതിന് പിന്നാലെ തിരിച്ചടി നല്‍കാനുള്ള ശ്രമങ്ങള്‍ അല്‍ ഹിലാലും ആരംഭിച്ചു.
ഇതിന്‍റെ ഫലമായി 26-ാം മിനിട്ടില്‍ അവര്‍ ആദ്യ ഗോള്‍ നേടി. മുന്നേറ്റ നിര താരം മൂസ മരേഗയായിരുന്നു ഗോള്‍ നേടിയത്. തുടര്‍ന്ന് മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഗോള്‍ നേടി ലീഡുയര്‍ത്താന്‍ റയലിനോ, സ്‌പാനിഷ് ക്ലബ്ബിനൊപ്പമെത്താന്‍ അല്‍ ഹിലാലിനോ ആയില്ല. 2-1 എന്ന സ്‌കോര്‍ ലൈനിലാണ് മത്സരത്തിന്‍റെ ആദ്യ പകുതിയവസാനിച്ചത്.
രണ്ടാം പകുതി തുടങ്ങി 54-ാം മിനിട്ടില്‍ റയല്‍ മൂന്നാം ഗോളടിച്ച് ലീഡുയര്‍ത്തി. വിനീഷ്യസിന്‍റെ അസിസ്റ്റില്‍ കരീം ബെന്‍സേമ ആയിരുന്നു ഇത്തവണ സൗദി അറേബ്യന്‍ ക്ലബ്ബിന്‍റെ വലയിലേക്ക് നിറയൊഴിച്ചത്. തൊട്ടുപിന്നാലെ 58-ാം മിനിട്ടില്‍ രണ്ടാം ഗോളടിച്ച് വാല്‍വെര്‍ദ് റയലിനെ മുന്നിലേക്കെത്തിച്ചു.
63-ാം മിനിട്ടില്‍ ലൂസിയാനോ വിയെറ്റോയിലൂടെ അല്‍ ഹിലാല്‍ മത്സരത്തിലെ രണ്ടാം ഗോള്‍ നേടി. ഇതിന് വിനീഷ്യസ് ജൂനിയറുടെ ബൂട്ടുകളായിരുന്നു റയലിനായി മറുപടി പറഞ്ഞത്. 69-ാം മിനിട്ടില്‍ മത്സരത്തിലെ തന്‍റെ രണ്ടാം ഗോളടിച്ച് വിനീഷ്യസ് റയല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
തുടര്‍ന്ന് റയലിന് മറുപടിയായി ഒരു ഗോള്‍ കൂടി മടക്കാനായിരുന്നു അല്‍ഹിലാലിന് സാധിച്ചത്. വിയെറ്റോ തന്നെയായിരുന്നു ഇത്തവണയും ഗോള്‍ സ്‌കോറര്‍. തുടര്‍ന്ന് റയലിന് ഒപ്പമെത്താന്‍ സൗദി ക്ലബ് പരിശ്രമിച്ചെങ്കിലും മത്സരത്തില്‍ ഗോള്‍ മാത്രം അകന്നുനിന്നു.
ഒടുവില്‍ പ്രിൻസ് മൗലേ അബ്‌ദല്ല സ്റ്റേഡിയത്തില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ കീരീടത്തില്‍ അഞ്ചാമതും മുത്തമിട്ടു. പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ കീഴില്‍ റയല്‍ രണ്ടാം പ്രാവശ്യമാണ് ഫിഫ ക്ലബ് ലോകകപ്പ് നേടുന്നത്. ഈ സീസണില്‍ റയലിന്‍റെ രണ്ടാമത്തെ കിരീടനേട്ടം കൂടിയാണിത്.
നേരത്തെ ഓഗസ്റ്റില്‍ യുവേഫ സൂപ്പര്‍ കപ്പും റയല്‍ സ്വന്തമാക്കിയിരുന്നു. അതേസമയം, ഫൈനലില്‍ ഇരട്ടഗോളുമായി തിളങ്ങിയ റയല്‍ മാഡ്രിഡിന്‍റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറാണ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കിയത്. നേരത്തെ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍ അഹ്‌ലിക്കെതിരായി നടന്ന മത്സരത്തിലും വിനീഷ്യസ് ഗോള്‍ നേടിയിരുന്നു.