കേരളം

kerala

ETV Bharat / sports

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തിയതിൽ പശ്ചാത്താപമില്ലെന്ന് ഫെർണാണ്ടോ സാന്‍റോസ് - morocco semifinal FIFA world cup

നിർണായകമായ നോക്കൗട്ട് മത്സരങ്ങളിൽ പോർച്ചുഗലിന്‍റെ ആദ്യ ഇലവനിൽ റൊണാൾഡോയെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് സാന്‍റോസ് വിമർശനങ്ങൾ നേരിട്ടിരുന്നു. മൊറോക്കോയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ് കോച്ച് തന്‍റെ നിലപാട് വ്യക്‌തമാക്കിയത്

Fernando Santos on Cristiano Ronaldo  Fernando Santos  Portuguese manager Fernando Santos  Cristiano Ronaldo  Portugal vs Morocco  youssef el nesyri  Fernando Santos no regrets  ക്രിസ്റ്റ്യാനോ റൊണാൾഡോ  ഫെർണാണ്ടോ സാന്‍റോസ്  പോർച്ചുഗൽ vs മൊറോക്കോ  FIFA world cup  morocco semifinal FIFA world cup
ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തിയതിൽ പശ്ചാതാപമില്ലെന്ന് ഫെർണാണ്ടോ സാന്‍റോസ്

By

Published : Dec 11, 2022, 12:45 PM IST

ദോഹ : മൊറോക്കോയ്‌ക്കെതിരായ ക്വാർട്ടർ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്നും പുറത്താക്കിയതിൽ പശ്ചാത്താപമില്ലെന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്‍റോസ്. ഇതേ ടീം പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലന്‍റിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റൊണാൾഡോയുടെ സാന്നിധ്യം ടീമിന് ആവശ്യമെന്ന് തോന്നിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ കളത്തിലിറക്കിയത്. മൊറോക്കോയ്‌ക്കെതിരായ തോൽവിയിൽ ഏറ്റവും ദുഃഖിതർ താനും റൊണാൾഡോയുമാണെന്നും പക്ഷേ ജയപരാജയങ്ങൾ ഇതിന്‍റെ ഭാഗമാണെന്നും മത്സരശേഷം സാന്‍റോസ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിലെന്ന പോലെ റൊണാൾഡോയ്ക്ക് പകരമായി യുവതാരം ഗോൺസാലോ റാമോസിനെയാണ് കോച്ച് കളത്തിലിറക്കിയത്. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച പോർച്ചുഗലിനെ ഞെട്ടിച്ചുകൊണ്ടാണ് 42-ാം മിനിറ്റിൽ മൊറോക്കോ മത്സരത്തിലെ ഏക ഗോൾ നേടുന്നത്. ബ്രൂണോ ഫെർണാണ്ടസിനെ കടന്നുവന്ന ഔനാഹിയിൽ നിന്ന് പന്ത് സ്വീകരിച്ച് യഹിയ അത്തിയത്തല്ലാഹി ഉതിർത്ത ക്രോസ് വില്ലുപോലെ ബോക്‌സിലേക്ക് താണിറങ്ങി. പന്തു മാത്രം ശ്രദ്ധിച്ചുനിന്ന ഡിഫന്‍ഡര്‍മാര്‍ക്കും അഡ്വാൻസ് ചെയ്‌ത കീപ്പർക്കും അവസരം നൽകാതെ ആകാശത്തോളം ചാടിയുയർന്ന് നസെരി പന്ത് വലയിലേക്ക് തലകൊണ്ട് തഴുകിയിട്ടു.

ഗോൾ വീണതോടെ ക്രിസ്റ്റ്യാനോയുടെ വരവിനായി സ്റ്റേഡിയം ഒന്നാകെ ആർത്തിരമ്പി. പിന്നാലെ മത്സരത്തിന്‍റെ 51-ാം മിനിറ്റിലാണ് റൊണാൾഡോയെ കളത്തിലിറക്കാൻ പരിശീലകൻ ഫെർണാന്‍റോ സാന്‍റോസ് തയ്യാറായത്. പിന്നാലെ റൊണാൾഡോയിലൂടെ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും പോർച്ചുഗലിന് മൊറോക്കോയുടെ പ്രതിരോധപ്പൂട്ട് പൊളിക്കാനായില്ല.

അതോടൊപ്പം തന്നെ പറങ്കിപ്പടയുടെ ലോകോത്തര താരങ്ങളുടെ ചടുലമായ നീക്കങ്ങളിൽ പ്രതിരോധത്തിന് താളം പിഴച്ചപ്പോൾ നിർണായകമായ രക്ഷപ്പെടുത്തലുകളുമായി ഗോൾകീപ്പർ യൂനസ് ബോണോയും അറ്റ്ലസ് സിംഹങ്ങളുടെ രക്ഷകനായി. 82-ാം മിനിറ്റില്‍ റൊണാൾഡോ നീക്കിനൽകിയ പന്തിൽ ജോ ഫെലിക്‌സ് തൊടുത്ത ഷോട്ടും, ഇഞ്ച്വറി ടൈമിന്‍റെ തുടക്കത്തിൽ മുന്നോട്ടുകിട്ടിയ പന്ത് അതിന്‍റെ സഞ്ചാരഗതിയിൽ തന്നെ പോസ്റ്റിലേക്കയച്ച ക്രിസ്റ്റ്യാനോയുടെ ശ്രമവും വിഫലമാക്കിയ ബോണോ തന്‍റെ നയം പ്രഖ്യാപിക്കുകയായിരുന്നു.

വിശ്വ കാൽപന്ത് പോരാട്ടത്തിന്‍റെ സെമിയിൽ ഇടം പിടിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. പ്രതീക്ഷകളെയും വെല്ലുവിളികളെയും അതിജീവിച്ച് ബെൽജിയത്തെയും സ്‌പെയിനെയും ഇപ്പോൾ പോർച്ചുഗലിനെയും പരാജയപ്പെടുത്തിയാണ് മൊറോക്കോ സെമിയിലെത്തിയത്. ലോകകപ്പ് എന്ന സ്വപ്‌നത്തിലേക്ക് രണ്ട് ചുവടുകൾ മാത്രമകലെയാണ് ആഫ്രിക്കൻ കരുത്തർ.

ABOUT THE AUTHOR

...view details