ലിസ്‌ബണ്‍ : ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനമൊഴിഞ്ഞ് ഫെര്‍ണാണ്ടോ സാന്‍റോസ്. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് (എഫ്‌പിഎഫ്) സാന്‍റോസ് പരിശീലകസ്ഥാനം രാജിവച്ചൊഴിഞ്ഞ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ലോകകപ്പിലെ അവസാന മത്സരങ്ങളില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ നിന്ന് പുറത്തിരുത്തിയ സാന്‍റോസിന്‍റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കോച്ചിന്‍റെ പടിയിറക്കം.
'2014 സെപ്റ്റംബറിൽ ആരംഭിച്ച വിജയകരമായ യാത്ര അവസാനിപ്പിക്കാൻ പോർച്ചുഗല്‍ ഫുട്ബോൾ ഫെഡറേഷനും ഫെർണാണ്ടോ സാന്‍റോസും തീരുമാനിച്ചിരിക്കുന്നു. ഒരു പുതിയ തുടക്കത്തിനുള്ള മികച്ച സമയമാണിത് എന്ന് സാന്‍റോസും എഫ്‌പിഎഫും മനസിലാക്കുന്നു. ഉടന്‍ തന്നെ ദേശീയ ടീമിന് വേണ്ടി പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികള്‍ ഫെഡറേഷന്‍ ആരംഭിക്കും' - വാര്‍ത്താക്കുറിപ്പില്‍ എഫ്‌പിഎഫ് വ്യക്തമാക്കി.
പോര്‍ച്ചുഗല്‍ പരിശീലകനാവുക എന്നത് സ്വപ്‌നസാക്ഷാത്‌കാരമായിരുന്നുവെന്നും അത് തനിക്ക് നിറവേറ്റാന്‍ സാധിച്ചുവെന്നും എഫ്‌പിഎഫ് പങ്കിട്ട ഒരു വീഡിയോ സന്ദേശത്തില്‍ സാന്‍റോസ് പറഞ്ഞു. 'ബൃഹത്തായ ഉപകാരസ്‌മരണയോടെയാണ് ഞാന്‍ പോകുന്നത്. ഒരു സംഘത്തെ നയിക്കുമ്പോള്‍ കഠിനമായ ചില തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.
ഞാന്‍ എടുത്ത തീരുമാനങ്ങളില്‍ എല്ലാവരും സന്തുഷ്‌ടരല്ല എന്നത് സാധാരണമായ ഒരു കാര്യം മാത്രമാണ്. പക്ഷേ ടീമിന് ഏറ്റവും മികച്ചത് എന്ന് തോന്നിയിട്ടുള്ള തീരുമാനങ്ങള്‍ മാത്രമാണ് ഞാന്‍ എപ്പോഴും സ്വീകരിച്ചിരുന്നത്' - ഫെര്‍ണാണ്ടോ സാന്‍റോസ് കൂട്ടിച്ചേര്‍ത്തു.