സാവോ പോളോ:ബ്രസീൽ ദേശീയ ഫുട്‌ബോള്‍ ടീമിന് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ ഇതിഹാസ ഇറ്റാലിയൻ പരിശീലകൻ കാർലോ ആൻസലോട്ടി എത്തും. സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം 2024 ജൂൺ മുതല്‍ക്കാവും സൂപ്പര്‍ കോച്ച് ബ്രസീല്‍ പരിശീലകന്‍റെ കുപ്പായം അണിയുകയെന്നാണ് സൂചന. 64-കാരനായി കാത്തിരിക്കുന്നതിന്‍റെ ഭാഗമായി ഇടക്കാല പരിശീലകനായി ഫെർണാണ്ടോ ഡിനിസിനെ നിയമിച്ചതായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
2026-ലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾ വരുന്ന സെപ്റ്റംബറിൽ തുടങ്ങാനിരിക്കെ ഒരു വർഷത്തേക്കാണ് ഫ്ലുമിനെൻസിന്‍റെ പരിശീലകനായ 49-കാരന്‍ ഫെർണാണ്ടോ ഡിനിസിന് ബ്രസീല്‍ ദേശീയ ടീമിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. ഖത്തര്‍ ലോകകപ്പിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ ഇതിഹാസ പരിശീലകന്‍ ടിറ്റെയ്‌ക്ക് പകരക്കാരനെ കണ്ടെത്താന്‍ ഏറെ നാളായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശ്രമം നടത്തുന്നുണ്ട്.
ഇക്കാലയളവില്‍ ബ്രസീൽ അണ്ടർ-20 ടീം കോച്ച് റാമോൺ മെനെസെസാണ് ദേശീയ ടീമിന്‍റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നത്. റാമോൺ മെനെസെസിന കീഴില്‍ ഈ വര്‍ഷം മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിച്ച ബ്രസീല്‍ രണ്ടെണ്ണത്തില്‍ തോറ്റിരുന്നു. തുടര്‍ന്നാണ് അടുത്ത കാലത്തായി നെയ്‌മറും തിയാഗോ സിൽവയും ഉൾപ്പെടെയുള്ള ബ്രസീൽ താരങ്ങളുടെ പ്രശംസ നേടിയ ഫെർണാണ്ടോ ഡിനിസ് ഇടക്കാല ചുമതല നല്‍കാന്‍ ഫെഡറേഷന്‍ തീരുമാനിച്ചത്.
ബ്രസീല്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ കഴിയുന്നത് വലിയ അംഗീകരമാണെന്ന് ഫെർണാണ്ടോ ഡിനിസ് പ്രതികരിച്ചു. "ഇത് ആർക്കും ഒരു സ്വപ്നമാണ്, ദേശീയ ടീമിനായി പ്രവർത്തിക്കുന്നത് ഒരു ബഹുമതിയും വലിയ അഭിമാനവുമാണ്. ബ്രസീലിയൻ സോക്കർ കോൺഫെഡറേഷന്റെയും ഫ്ലുമിനെൻസിന്‍റെയും സംയുക്ത പ്രവർത്തനത്തിന്‍റെ ഭാഗമായാണ് നിലവില്‍ തനിക്ക് ലഭിച്ചിരിക്കുന്ന ചുമതല. അതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് എനിക്ക് എല്ലാവിധ ബോധ്യമുണ്ട്" - ഫെർണാണ്ടോ ഡിനിസ് പറഞ്ഞു.