സൂറിച്ച് : ഇതിഹാസ ടെന്നിസ് താരം റോജര്‍ ഫെഡറര്‍ എടിപി റാങ്കിങ്ങില്‍ നിന്ന് പുറത്തായി. 25 വർഷത്തോളം നീണ്ട കരിയറിലാദ്യമായാണ് താരം റാങ്കിങ്ങില്‍ നിന്ന് പൂർണമായും പുറത്താകുന്നത്. പരിക്ക് കാരണം ഏറെക്കാലമായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഫെഡററിന് തിരിച്ചടിയായത്.
അതോടൊപ്പം തന്നെ ഏഴാം വിംബിൾഡൺ കിരീടം ചൂടിയ നൊവാക് ജോക്കോവിച്ച് നാല് സ്ഥാനങ്ങൾ നഷ്‌ടമായി ഏഴാമതാണ്. വിംബിൾഡണിൽ റാങ്കിങ് പോയിന്‍റുകൾ നൽകേണ്ടതില്ലെന്ന വേൾഡ് ടെന്നിസ് അസോസിയേഷന്‍റെയും എടിപിയുടെയും തീരുമാനമാണ് ജോക്കോവിച്ചിന് തിരിച്ചടിയായത്.
യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യ, ബെലാറുസ് രാജ്യങ്ങളിലെ താരങ്ങൾക്ക് വിംബിൾഡൺ വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് ടൂർണമെന്‍റിൽ നിന്ന് റാങ്കിങ് പോയിന്‍റുകൾ ഒഴിവാക്കിയത്. കരിയറിലെ ആദ്യ ഫൈനലിൽ എത്തിയ നിക്ക് കിർഗിയോസിനും തിരിച്ചടിയേറ്റു. 40-ാം നമ്പറിൽ നിന്ന് 45-ാം സ്ഥാനത്തേക്കാണ് കിർഗിയോസ് വീണത്.
വിംബിൾഡണിന്‍റെ തുടക്കത്തിൽ ഫെഡറർ 97-ാം സ്ഥാനത്തായിരുന്നു. ടൂർണമെന്‍റ് പൂർത്തിയായതോടെ പുതിയ റാങ്കിങ്ങിൽ നിന്ന് താരം പുറത്തായി. ഒരു കളിക്കാരന്‍റെ അവസാന 52 ആഴ്‌ചകളിലെ മത്സര ഫലങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ റാങ്കിങ്.
2021 വിബിൾഡണിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് ശേഷം ഫെഡറർ കളത്തിലിറങ്ങിയിട്ടില്ല. പിന്നീട് കാല്‍മുട്ടിനേറ്റ പരിക്ക് കാരണം 18 മാസത്തിനിടെ മൂന്ന് ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായി. ഓഗസ്റ്റ് 8 ന് 41 വയസ് തികയുന്ന ഫെഡറർ സെപ്റ്റംബറില്‍ നടക്കുന്ന ലേവര്‍ കപ്പിലൂടെ കളിക്കളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. അടുത്ത വർഷം വിംബിൾഡണിൽ കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സെന്റർ കോർട്ടിൽ ഇതിഹാസ ടെന്നിസ് താരങ്ങളെ ആദരിച്ച ചടങ്ങിൽ ഫെഡറർ സൂചിപ്പിച്ചിരുന്നു.
വിംബിൾഡൺ വനിത സിംഗിൾസിൽ ജേതാവായ കാസാഖ്‌സ്ഥൻ താരം എലേന റൈബാകിനയ്‌ക്കും റാങ്കിങ്ങില്‍ നേട്ടമുണ്ടായില്ല. നിലവിൽ 23-ാം സ്ഥാനത്ത് തുടരുന്ന റൈബാകിന വിംബിൾഡൺ ചരിത്രത്തിൽ ഏറ്റവും താഴ്‌ന്ന റാങ്കിലുള്ള താരമാണ്. ഫൈനലിൽ കസാഖ് താരത്തിന് മുന്നിൽ കീഴടങ്ങിയ ടുണീഷ്യൻ താരം ഒൻസ് ജാബിയൂർ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മൂന്ന് സ്ഥാനങ്ങൾ നഷ്‌ടമായി 5-ാം സ്ഥാനത്തായി. കൂടാതെ ഓസ്‌ട്രേലിയൻ ഓപ്പൺ റണ്ണറപ്പായ ഡാനിയേൽ കോളിൻസ് ഏഴാമതെത്തി. യു.എസ്. ഓപ്പൺ ചാമ്പ്യൻ എമ്മ റഡുകാനു 10-ാം സ്ഥാനത്താണ്.
പുരുഷ വിഭാഗത്തിൽ ഡാനിൽ മെദ്‌വദേവും, വനിത വിഭാഗത്തിൽ ഇഗ ഷ്വാംടെകും ഒന്നാം സ്ഥാനത്ത് തുടരുന്നു. റഷ്യൻ താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനാൽ മെദ്‌വദേവ് വിംബിള്‍ഡണില്‍ മത്സരിച്ചില്ല. തുടർച്ചയായ 37 ജയങ്ങൾക്ക് ശേഷം വിംബിൾഡണിന്റെ മൂന്നാം റൗണ്ടിലാണ് ഇഗ പുറത്തായത്.