പനാജി : സൂപ്പര്‍ സ്‌ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വെസിനെ സ്വന്തമാക്കി എഫ്.സി ഗോവ. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വാസ്‌ക്വെസിനെ രണ്ടുവര്‍ഷക്കരാറിലാണ് ഗോവ തട്ടകത്തിലെത്തിച്ചത്. ഇതോടെ 2024 വരെ 31 കാരനായ വാസ്‌ക്വെസ് ടീമിനൊപ്പം തുടരും. താരം ഗോവയിലേക്ക് ചേക്കേറുമെന്ന് നേരത്തേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എഫ്.സി ഗോവയുടെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് വാസ്‌ക്വെസ് പ്രതികരിച്ചു. ഗോവ ഏറെ പ്രിയപ്പെട്ട ക്ലബ്ബാണ്. കഴിഞ്ഞ സീസണില്‍ ടീമിന് വേണ്ടത്ര മികവ് പുലര്‍ത്താനായില്ല. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കും.
വലിയ പദ്ധതികളാണ് ഗോവ മുന്നോട്ടുവയ്ക്കുന്നത്. ക്ലബ്ബിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു. 2005 എസ്പാന്യോളിന്‍റെ യൂത്ത് ടീമിലൂടെയാണ് വാസ്‌ക്വെസ് പ്രഫഷണല്‍ ഫുട്‌ബോളിലരങ്ങേറിയത്. തുടര്‍ന്ന് 2009ല്‍ സീനിയര്‍ ടീമിലെത്തി.
also read: 'അവിസ്‌മരണീയ നിമിഷങ്ങള്‍ക്ക് നന്ദി'; വാസ്‌ക്വെസിന് വിടപറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ്
ഗെറ്റാഫെയ്ക്കും സ്വാന്‍സിയ്ക്കുമെല്ലാം വേണ്ടി കളിച്ച വാസ്‌ക്വെസ് 12 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളും 150 ലാ ലിഗ മത്സരങ്ങളും കളിച്ചു. ഐഎസ്‌എല്ലിന്‍റെ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചതില്‍ നിര്‍ണായക പങ്കാണ് സ്‌പാനിഷ് താരത്തിനുള്ളത്. സീസണില്‍ എട്ട് ഗോളുകളും രണ്ട് അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.