ഡല്ലാസ്: ഫ്രഞ്ച് ക്ലബി പിഎസ്‌ജി വിട്ട് ഇന്‍റര്‍ മയാമിയിലേക്ക് ചേക്കേറിയ ലയണല്‍ മെസി അമേരിക്കയില്‍ തരംഗമാവുകയാണ്. മേജര്‍ ലീഗ് സോക്കര്‍ ലീഗില്‍ തുടര്‍ച്ചയായ പതിനൊന്ന് മത്സരങ്ങളില്‍ വിജയം നേടാന്‍ കഴിയാതെ ഇന്‍റര്‍ മയാമി പതറുമ്പോഴാണ് അമേരിക്കന്‍-മെക്‌സിക്കന്‍ ക്ലബുകള്‍ മാറ്റുരയ്‌ക്കുന്ന ലീഗ്‌സ് കപ്പിലൂടെ ഇന്‍റര്‍ മയാമിക്കായി ലയണല്‍ മെസി അരങ്ങേറ്റം നടത്തിയത്. ടൂര്‍ണമെന്‍റില്‍ മെസിയുടെ ചിറകിലേറി പറക്കുന്ന ഇന്‍റര്‍ മയാമി നിലവില്‍ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
വാശിയേറിയ പ്രീ ക്വാര്‍ട്ടറില്‍ നാട്ടുകാരായ എഫ്‌സി ഡല്ലാസിനെ തോല്‍പ്പിച്ചാണ് ഇന്‍റര്‍ മയാമി മുന്നേറ്റം ഉറപ്പിച്ചത്. നിശ്ചിത സമയത്ത് 4-4 എന്ന സ്‌കോറില്‍ മത്സരം സമനിലയിലായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഇരട്ട ഗോളുകളുമായി ലയണല്‍ മെസി തിളങ്ങിയ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു മയാമി പൊരുതിക്കയറിയത്.
മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കെ ലയണല്‍ മെസിയുടെ ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോളിലൂടെയായിരുന്നു മയാമി ഡല്ലാസിനോട് സമനില പിടിച്ചത്. ഷൂട്ടൗട്ടില്‍ ലയണല്‍ മെസി, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് തുടങ്ങി ഇന്‍റര്‍ മയാമിക്കായി കിക്കെടുത്ത അഞ്ച് കളിക്കാരും ഗോളടിച്ചു. എന്നാല്‍ ഡല്ലാസിന്‍റെ ഒരു താരത്തിന് പിഴച്ചതോടെയാണ് ഇന്‍റര്‍ മയാമി വിജയം ഉറപ്പിച്ചത്.
മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും മെസിയെ സംബന്ധിച്ച് രസകരമായ ഒരു കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് എഫ്‌സി ഡല്ലാസ്. അമേരിക്കയിലെത്തിയപ്പോള്‍ കളിക്കളത്തില്‍ മെസിയുടെ ചിരിയുടെ അളവ് കൂടിയെന്ന് അവകാശപ്പെടുന്ന കണക്കാണ് ഡല്ലാസ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയ്‌ക്ക് ഒപ്പമുള്ള രണ്ട് വര്‍ഷക്കാലയളവില്‍ ആകെ 148 തവണയാണ് മെസി കളിക്കളത്തില്‍ ചിരിച്ചതെന്നാണ് ഡല്ലാസ് പറയുന്നത്. എന്നാല്‍ ഇന്‍റര്‍ മയാമിക്ക് ഒപ്പമുള്ള വെറും ഒരു മാസക്കാലയളവില്‍ ഇതിന്‍റ എണ്ണം 150-ല്‍ എത്തിയെന്നുമാണ് ഡല്ലാസിന്‍റെ അവകാശവാദം.
സ്‌പാനിഷ് ലാ ലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ നിയമങ്ങള്‍ വിലങ്ങുതടി ആയതോടെ ബാഴ്‌സലോണയുമായി വേര്‍പിരിഞ്ഞ മെസി 2021-ല്‍ രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു പിഎസ്‌ജിയിലേക്ക് എത്തിയത്. ബാഴ്‌സയുമായുള്ള 18 വര്‍ഷങ്ങള്‍ നീണ്ട് ബന്ധം അവസാനിച്ചെത്തിയ മെസിക്ക് പലപ്പോഴും പിഎസ്‌ജിയ്‌ക്കായി തന്‍റെ മിന്നും പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ക്ലബുമായുള്ള കരാര്‍ അവസാനിച്ചതോടെ ബാഴ്‌സയിലേക്ക് തിരികെ പോകാന്‍ മെസി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഇതോടെയാണ് 36-കാരനായ താരം ഇന്‍റര്‍ മയാമി തന്‍റെ പുതിയ തട്ടകമായി തെരഞ്ഞെടുത്തത്. ടീമിനായി ഇതേവരെ നാല് മത്സരങ്ങള്‍ കളിച്ച മെസി ഏഴ് ഗോളുകള്‍ അടിച്ച് കൂട്ടിയിട്ടുണ്ട്. മെസി എത്തുന്നത് അറിഞ്ഞതിന് പിന്നാലെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇന്‍റര്‍ മയാമിക്കുള്ള പിന്തുണ കുതിച്ച് ഉയര്‍ന്നിരുന്നു. നിലവില്‍ ടീമിന്‍റെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
ALSO READ:Leagues cup|വീണ്ടും മെസി മാജിക്ക്: ഇന്‍റര്‍ മയാമി ലീഗ്‌സ് കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍