ബെംഗളൂരു:സാഫ് കപ്പില്‍ (SAFF CUP) ഇന്ത്യന്‍ ടീമിനോട് തോറ്റ പാകിസ്ഥാനെ ട്രോള്‍ മഴയില്‍ മുക്കി ആരാധകര്‍. ഇന്നലെ (ജൂണ്‍ 21) ബെംഗളൂരുവിലെ ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു പാക് പടയ്‌ക്കെതിരെ ഇന്ത്യന്‍ ടീം ജയം പിടിച്ചത്. സൂപ്പര്‍ താരം സുനില്‍ ഛേത്രി (Sunil Chhetri) ഹാട്രിക്ക് നേടിയ മത്സരത്തില്‍ ഉദാന്ത സിങ്ങിന്‍റെ (Udanta Singh) വകയായിരുന്നു ഇന്ത്യയുടെ നാലാം ഗോള്‍.
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ രണ്ട് ഗോളും രണ്ടാം പകുതിയില്‍ ഒരു ഗോളുമടിച്ചായിരുന്നു സുനില്‍ ഛേത്രി ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. ലഭിച്ച രണ്ട് പെനാല്‍ട്ടികള്‍ കൃത്യമായി വലയിലെത്തിക്കാനും ഛേത്രിക്കായി. ഹാട്രിക്കോടെ ഛോത്രിയുടെ രാജ്യാന്തര കരിയറിലെ ഗോളുകളുടെ എണ്ണം 90 ആയി.
ഇതിന് പിന്നാലെ ഛേത്രിയെ അഭിനന്ദിക്കുന്ന ആരാധകരാണ് പാകിസ്ഥാനെതിരെ ട്രോളുകളുമായും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിയുമായി സുനില്‍ ഛേത്രിയെ താരതമ്യപ്പെടുത്തിക്കൊണ്ടാണ് ആരാധകരുടെ പല ട്രോളുകളും. സാഫ് കപ്പില്‍ തോറ്റ പാകിസ്ഥാനെ ട്രോളാന്‍ കഴിഞ്ഞ ടി20 ലോകകപ്പില്‍ വിരാട് കോലി നടത്തിയ പ്രകടനത്തേയും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്‍റെ കരുത്തിലായിരുന്നു ഇന്ത്യ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ 53 പന്ത് നേരിട്ട വിരാട് കോലി പുറത്താകാതെ 82 റണ്‍സ് നേടിയിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ സ്റ്റാറിന്‍റെ ഈ ഇന്നിങ്‌സുമായാണ് ആരാധകര്‍ ഛേത്രിയുടെ ഹാട്രിക്കിനെ താരതമ്യപ്പെടുത്തുന്നത്. എല്ലായിപ്പോഴും ഇന്ത്യന്‍ ടീമിന് കൊട്ടാനുള്ള ഒരു ചെണ്ടയാണ് പാകിസ്ഥാന്‍ എന്നും ആരാധകര്‍ പറയുന്നു.