ടോക്കിയോ : ജപ്പാൻ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ഒളിമ്പിക്‌സില്‍ കാണികളെ പ്രവേശിപ്പിക്കില്ല. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം ടോക്കിയോ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും ധാരണയായി. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് നിയന്ത്രണങ്ങള്‍.
ഇതിനിടയിലായിരിക്കും (ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8) ഒളിമ്പിക്‌സ് നടത്തുക. ഒളിമ്പിക്‌സിലെ ഭൂരിഭാഗം ഇനങ്ങളും ടോക്കിയോ നഗരത്തിൽ തന്നെ നടത്തുമെന്നും വളരെ ചുരുക്കം മത്സരങ്ങള്‍ മാത്രമേ പുറത്ത് നടത്തുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.
കൊവിഡ് വ്യാപനത്തിനിടെ ഒളിമ്പിക്‌സ് നടത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ എന്ത് സംഭവിച്ചാലും ഒളിമ്പിക്‌സ് നടത്തുമെന്നായിരുന്നു ജപ്പാന്‍റെ നിലപാട്.
ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഒളിമ്പിക്‌സിനുള്ള 26 അംഗ അത്‌ലറ്റിക്‌സ് സംഘത്തെ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 4x400 മീറ്റർ മിക്സഡ് റിലേ ടീമിനുപുറമെ 12 അത്‌ലറ്റുകൾക്ക് വ്യക്തിഗത ഇനങ്ങളിൽ നേരിട്ടാണ് പ്രവേശനം ലഭിച്ചത്. ഏഴ് മലയാളികളാണ് ടീമിലുള്‍പ്പെട്ടത്.