ലണ്ടന്‍ : ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) എഫ്‌എ കപ്പ് (FA Cup) നാലാം റൗണ്ടില്‍. മൂന്നാം റൗണ്ട് മത്സരത്തില്‍ ഇഎഫ്‌എല്‍ ലീഗ് 1 ക്ലബ് വിഗന്‍ അത്‌ലറ്റിക്കിനെയാണ് (Wigan Athletic) ചെകുത്താന്മാര്‍ തകര്‍ത്തത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മത്സരത്തില്‍ യുണൈറ്റഡിന്‍റെ വിജയം (Wigan Athletic vs Manchester United).
ഡിയോഗോ ഡലോട്ടും (Diogo Dalot) ബ്രൂണോ ഫെര്‍ണാണ്ടസുമാണ് (Bruno Fernandes) മത്സരത്തില്‍ യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ തോല്‍വികളില്‍ വലയുന്ന ടീമിന് ആശ്വാസമാണ് ഈ ജയം. വിഗന്‍ അത്‌ലറ്റിക്കിന്‍റെ തട്ടകമായ ഡി ഡബ്ല്യു സ്റ്റേഡിയത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌എ കപ്പ് മൂന്നാം റൗണ്ട് പോരാട്ടത്തില്‍ പന്ത് തട്ടാനിറങ്ങിയത്.
അവിടെ ആതിഥേയരെ കാഴ്‌ചക്കാരാക്കി കളിയില്‍ പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ യുണൈറ്റഡിന് സാധിച്ചിരുന്നു. 4-2-3-1 ശൈലിയിലാണ് ഇരു ടീമുകളും മത്സരത്തിന് ഇറങ്ങിയത്. യുണൈറ്റഡിനായി റാഷ്‌ഫോര്‍ഡും അലജാന്‍ഡ്രോ ഗര്‍നാച്ചോയും വിങ്ങുകളില്‍ അണിനിരന്നപ്പോള്‍ റാസ്മസ് ഹോയ്‌ലണ്ടായിരുന്നു ഏക സ്ട്രൈക്കര്‍.
ഡി ഡബ്ല്യു സ്റ്റേഡിയത്തില്‍ ആതിഥേയരായ വിഗന്‍ അത്‌ലറ്റിക്കിന്‍റെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. മത്സരത്തിന്‍റെ മൂന്നാം മിനിട്ടില്‍ ഗോളിനരികില്‍ അവര്‍ എത്തിയെങ്കിലും യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഒനാന അവിടെ സന്ദര്‍ശകരുടെ മാലാഖയായി മാറുകയായിരുന്നു. വിഗന്‍ വിങ്ങര്‍ ക്ലെയറിന്‍റെ ഷോട്ടായിരുന്നു യുണൈറ്റഡ് ഗോളി രക്ഷപ്പെടുത്തിയത്.