ലണ്ടന്‍ : ഇംഗ്ലീഷ് എഫ്‌എ കപ്പില്‍ ചെല്‍സിക്കെതിരായ മിന്നും ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി നാലാം റൗണ്ടില്‍ പ്രവേശിച്ചു. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് സിറ്റി ജയിച്ച് കയറിയത്. ആതിഥേയര്‍ക്കായി റിയാദ് മഹ്‌റെസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജൂലിയൻ അൽവാരസും ഫിൽ ഫോഡനും ലക്ഷ്യം കണ്ടു.
ശക്തരായ എതിരാളികളായിട്ടും എര്‍ലിങ് ഹാലൻഡ്, കെവിൻ ഡി ബ്രൂയിന്‍, ജോൺ സ്റ്റോൺസ്, ഇൽകെ ഗുണ്ടോഗൻ, ജോവോ കാൻസെലോ, ഗോൾകീപ്പർ എഡേഴ്സണ്‍ എന്നിവരെ പുറത്തിരുത്തിയാണ് സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ആദ്യ ഇലവനെ ഇറക്കിയത്. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ ചെല്‍സിയുടെ വലയില്‍ കയറ്റാന്‍ ആതിഥേയര്‍ക്കായി.
മത്സരത്തിന്‍റെ 23ാം മിനിട്ടില്‍ മഹ്‌റെസിലൂടെയാണ് സിറ്റി ഗോളടി തുടങ്ങിയത്. ഒരു തകര്‍പ്പന്‍ ഫ്രീ കിക്കില്‍ നിന്നായിരുന്നു ഈ ഗോളിന്‍റെ പിറവി. 30ാം മിനിട്ടില്‍ അൽവാരസ് ലീഡുയര്‍ത്തി.
ചെല്‍സി ബോക്‌സില്‍ കെയ് ഹാവെർട്‌സിന്‍റെ ഹാൻഡ്‌ബോളിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് താരം ലക്ഷ്യം കണ്ടത്. വാറിലൂടെയാണ് റഫറി പെനാല്‍റ്റി വിധിച്ചത്. തുടര്‍ന്ന് 38ാം മിനിട്ടില്‍ സിറ്റി മൂന്നാം ഗോളും നേടി.
കൈൽ വാക്കറുടെ അസിസ്റ്റില്‍ ഫോഡനാണ് ഇക്കുറി ലക്ഷ്യം കണ്ടത്. 84ാം മിനിട്ടില്‍ മറ്റൊരു പെനാല്‍റ്റിയിലൂടെയാണ് മഹ്‌റെസ് തന്‍റെ രണ്ടാം ഗോളിലൂടെ സിറ്റിയുടെ പട്ടിക തികച്ചത്. ഫോഡനെ ബോക്‌സില്‍ വീഴ്‌ത്തിയതിനായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്.
ALSO READ:പ്രതിരോധം മറന്ന് കേരള ബ്ലാസ്റ്റേഴ്‌സ്; മുംബൈ സിറ്റിക്ക് മുന്നിൽ നാണംകെട്ട് മഞ്ഞപ്പട
കിക്കെടുത്ത മഹ്‌റെസ് അനായാസം ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തില്‍ സിറ്റി ഒത്തിണക്കത്തോടെ കളിച്ചപ്പോള്‍ ലക്ഷ്യബോധമില്ലാതെയായിരുന്നു ചെല്‍സി പന്തുതട്ടിയത്. തോല്‍വിയോടെ ചെല്‍സി ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. 25 സീസണുകളിൽ ആദ്യമായാണ് ചെൽസി എഫ്‌എ കപ്പില്‍ നാലാം റൗണ്ടില്‍ പ്രവേശിക്കാതെ പുറത്താവുന്നത്.