വെംബ്ലി : എഫ്‌എ കപ്പിന്‍റെ കലാശപ്പോരിന് യോഗ്യത നേടി ലിവർപൂൾ. സെമി ഫൈനലിലെ വമ്പന്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റർ സിറ്റിയെയാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ജയിച്ച് കയറിയത്.
ലിവർപൂളിനായി സാദിയോ മാനെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഇബ്രാഹിമ കൊനാറ്റെയും ലക്ഷ്യം കണ്ടു. ജാക് ഗ്രീലിഷ്, ബെർണാർഡോ സിൽവ എന്നിവരാണ് സിറ്റിയുടെ ഗോള്‍ വേട്ടക്കാര്‍. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ ലിവര്‍പൂളിന്‍റെ പട്ടികയിലെ മൂന്ന് ഗോളുകളും പിറന്നിരുന്നു.
ഒമ്പതാം മിനിട്ടില്‍ കൊനാറ്റെയാണ് ആദ്യം വല ചലിപ്പിച്ചത്. തുടര്‍ന്ന് 17, 45 മിനിട്ടുകളിലായിരുന്നു മാനെയുടെ ഗോള്‍ നേട്ടം. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് സിറ്റി ആദ്യ ഗോള്‍ തിരിച്ചടിച്ചത്. 47ാം മിനിട്ടില്‍ ഗ്രീലിഷിലൂടെയായിരുന്നു സിറ്റിയുടെ ആദ്യ മറുപടി.
also read:സന്തോഷ് ട്രോഫി: അഞ്ചടിച്ച് കേരളം, ക്യാപ്റ്റന്‍ ജിജോ ജോസഫിന് ഹാട്രിക്
തുടര്‍ന്ന് 91ാം മിനിട്ടിലാണ് ബെർണാർഡോ സിൽവയുടെ ഗോള്‍ നേട്ടം. അവസാന നിമിഷങ്ങളിൽ സമനിലപിടിക്കാന്‍ സിറ്റി കിണഞ്ഞ് ശ്രമിച്ചെങ്കിലും ലിവര്‍പൂള്‍ വഴങ്ങിയല്ല. അതേസമയം ഇന്ന് നടക്കുന്ന ചെൽസി-ക്രിസ്റ്റൽപാലസ് രണ്ടാം സെമി മത്സരത്തിലെ വിജയിയെയാണ് ഫൈനലില്‍ ലിവർപൂൾ നേരിടുക. മേയ് 14നാണ് ഫൈനല്‍ മത്സരം.