ലണ്ടൻ : എഫ്.എ കപ്പ് നാലാം റൗണ്ടിൽ തകർപ്പൻ വിജയത്തോടെ ലിവർപൂൾ. കാർഡിഫ് സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ലിവർപൂൾ അഞ്ചാം റൗണ്ടിലേക്ക് പ്രവേശിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഗോളുകളെല്ലാം പിറന്നത്.
രണ്ടാം പകുതിയുടെ 53-ാം മിനിട്ടിൽ ട്രെന്‍റ് അർണോൾഡിന്‍റെ ഫ്രീ കിക്കിൽ നിന്ന് ഡീഗോ ജോട്ടയാണ് ലിവർപൂളിന്‍റെ ആദ്യ ഗോൾ നേടിയത്. പിന്നാലെ 68-ാം മിനിട്ടിൽ തക്കുമി മിനാമിനോയിലൂടെ രണ്ടാം ഗോൾ നേടി കാർഡിഫ് സിറ്റിയെ ലിവർപൂൾ വീണ്ടും ഞെട്ടിച്ചു.
തൊട്ടുപിന്നാലെ 76-ാം മിനിട്ടിൽ ഹാർവി എലിയറ്റിലൂടെ ലിവർപൂൾ മൂന്നാം ഗോളും നേടി. 80-ാം മിനിട്ടിൽ റൂബിൻ കോൾവില്ലാണ് കാർഡിഫ് സിറ്റിയുടെ ആശ്വാസഗോൾ നേടിയത്. അഞ്ചാം റൗണ്ടിൽ നോർവിച്ച് സിറ്റിയാണ് ലിവർപൂളിന്‍റെ എതിരാളി.
ALSO READ:ടാറ്റ ഓപ്പൺ മഹാരാഷ്‌ട്ര 2022 : പുരുഷ ഡബിൾസിൽ കിരീടം സ്വന്തമാക്കി ബൊപ്പണ്ണ-രാംകുമാർ സഖ്യം
അതേസമയം മറ്റൊരു മത്സരത്തിൽ ബ്രൈറ്റ്ടണിനെ ടോട്ടണം കീഴടക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ടോട്ടണത്തിന്‍റെ വിജയം. സൂപ്പർ താരം ഹാരി കെയ്‌നിന്‍റെ(13, 66) ഇരട്ട ഗോളാണ് ടോട്ടണത്തിന്‍റ വിജയത്തിന് ചുക്കാൻ പിടിച്ചത്. സോളി മാർച്ചിന്‍റെ സെൽഫ് ഗോളാണ് ടോട്ടണത്തിന് മൂന്നാം ഗോൾ സമ്മാനിച്ചത്. വൈവ്സ് ബിസ്സൗമയാണ് ബ്രൈറ്റ്ടന്‍റെ ആശ്വാസ ഗോൾ നേടിയത്.