ലണ്ടൻ: എഫ് എ കപ്പ് ഫുട്‌ബോളിൽ ഇന്ന് കലാശ പോരാട്ടം. വെംബ്ലിയിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ലിവർപൂളും ചെൽസിയും കൊമ്പുകോർക്കും. ലിവർപൂൾ ക്വാഡ്രപിൾ (ഒരു സീസണിൽ നാല് കിരീടം) കിരീട സ്വപനവുമായിറങ്ങുമ്പോൾ ഈ സീസണിലെ ആദ്യ കിരീടമാണ് ചെൽസിയുടെ ലക്ഷ്യം.
എഫ് എ കപ്പ്; ഫൈനലിൽ ലിവർപൂളും ചെൽസിയും കൊമ്പുകോർക്കും
2006ന് ശേഷം ആദ്യ എഫ് എ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് ലിവർപൂൾ ഇറങ്ങുന്നത്.
ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം ഇതിനകം സ്വന്തമാക്കിയ ലിവർപൂൾ ഇന്ന് എഫ് എ കപ്പ് കിരീടം കൂടെ നേടി ഈ സീസണിലെ കിരീടങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാകും വെംബ്ലിയിൽ ഇറങ്ങുക. പിന്നാലെ പ്രീമിയർ ലീഗിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മാഞ്ചസ്‌റ്റർ സിറ്റിയെയും, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെയും മറികടന്ന് ക്വാഡ്രപിൾ എന്ന ചരിത്ര നേട്ടത്തിൽ എത്താം എന്നതാവും യൂർഗൻ ക്ലോപ്പിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.
ക്ലബ് ഉടമ മാറിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ചെൽസിക്ക് ഇന്ന് കിരീടം നേടാനായാൽ അത് വലിയ ആശ്വാസം ആകും. 2017-18 സീസണിലാണ് ചെൽസി അവസാനം എഫ് എ കപ്പ് നേടിയത്. ലിവർപൂൾ ആകട്ടെ 2006ന് ശേഷം ഒരു എഫ് എ കപ്പ് കിരീടം നേടിയിട്ടില്ല. ചെൽസി 8 തവണയും ലിവർപൂൾ 7 തവണയും എഫ്.എ കപ്പ് കിരീടം നേടിയിട്ടുണ്ട്. പരിക്ക് കാരണം ചെൽസി നിരയിൽ കൊവാചിചും ലിവർപൂൾ നിരയിൽ ഫബിനോയും ഇന്നിറങ്ങില്ല.