കൊല്‍ക്കത്ത:ഈ വര്‍ഷം നടക്കുന്ന എഷ്യ കപ്പ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി പാകിസ്ഥാനിലേക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് ബിസിസിഐ. എഷ്യ കപ്പായാലും ലോകകപ്പായാലും വിവിധ കാരണങ്ങളാല്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ അടുത്തിടെ അറിയിച്ചിരുന്നു. ഇതോടെ സെപ്‌റ്റംബറില്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന എഷ്യ കപ്പ് ടൂര്‍ണമെന്‍റ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇന്ത്യ വിസമ്മതിച്ചതോടെ ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാനും നിലപാട് വ്യക്തമാക്കി.
ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തിലുളള എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പാകിസ്ഥാന്‍റെ ഭീഷണിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ ബിസിസിഐയ്‌ക്ക് അതൃപ്‌തിയുണ്ട്. എഷ്യ കപ്പിനെ കുറിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല, സംഭവ വികാസത്തെ കുറിച്ച് അറിയാവുന്ന ഒരു വൃത്തം ഇടിവി ഭാരതിനോട് പറഞ്ഞു.
അതേസമയം എഷ്യ കപ്പ് ടൂര്‍ണമെന്‍റ് നടത്തിപ്പില്‍ മറ്റ് ചില ഓപ്‌ഷനുകള്‍ ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. അവയിലൊന്ന് സമീപ ഭാവിയില്‍ യാഥാര്‍ഥ്യമാവാനാണ് സാധ്യതയെന്നും അറിയുന്നു. ഇതില്‍ ആദ്യത്തേത്, ലോകകപ്പിനുളള തയ്യാറെടുപ്പ് ടൂര്‍ണമെന്‍റായി കണക്കാക്കപ്പെടുന്ന എഷ്യ കപ്പ് റദ്ദാക്കല്‍ ആണ്. എന്നാല്‍ ഐസിസിയുടെ അവസാന ഓപ്‌ഷനായിരിക്കും ഇത്. കാരണം എഷ്യ കപ്പ് ടൂര്‍ണമെന്‍റ് റദ്ദാക്കുന്നത് ഇരു ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും കനത്ത വരുമാന നഷ്‌ടമുണ്ടാക്കും.
രണ്ട് ബോര്‍ഡുകള്‍ക്കും വലിയ സാമ്പത്തിക നഷ്‌ടമുണ്ടാക്കുമെന്നതിനാല്‍ എഷ്യ കപ്പ് റദ്ദാക്കുവാന്‍ സാധ്യതയില്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലവിലെ സാഹചര്യം അവരെ അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ല, ബിസിസിഐ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. രണ്ടാമത്തേത് ഏഷ്യാ കപ്പ് 'ഹൈബ്രിഡ്' മോഡിൽ നടത്തുക എന്നതാണ്. ഇതിനർഥം പാകിസ്ഥാൻ അവരുടെ നാട്ടിൽ അവരുടെ മത്സരങ്ങൾ കളിക്കുമ്പോൾ ഇന്ത്യ ഒരു നിഷ്‌പക്ഷ വേദിയിൽ കളിക്കും. മിക്കവാറും അത് ഐസിസി ആസ്ഥാനമായ യുഎഇയിലെ ദുബായിലായിരിക്കും.
ഈ ഹൈബ്രിഡ് മോഡ് ഇപ്പോള്‍ എറ്റവും സാധ്യതയുളള ഓപ്‌ഷനാണ്. ഇത് രണ്ട് രാജ്യങ്ങളുടെയും ഐസിസിയുടെയും താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കും. ഇരു രാജ്യങ്ങളും ആത്യന്തികമായി ഇത് അംഗീകരിക്കും. എന്നിരുന്നാലും ഹൈബ്രിഡ് മോഡലില്‍ നടക്കാന്‍ സാധ്യതയുളള ഒരു സാഹചര്യത്തിനും പരിഹാരം കണ്ടത്തേണ്ടതുണ്ട്. ടൂര്‍ണമെന്‍റിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ അഥവാ ഫൈനലില്‍ എങ്ങാന്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നാല്‍, എവിടെയാണ് മത്സരം നടക്കുക എന്നത്. ഇവിടെയാണ് ചര്‍ച്ച വഴിത്തിരിവിലെത്തുന്നത്. അത് എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്, ബിസിസിഐയോട് അടുത്ത ഒരു വൃത്തം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നടന്ന ടി20 ലോകകപ്പിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഒടുവില്‍ നടന്നത്. അന്ന് വിരാട് കോലിയുടെ അര്‍ധസെഞ്ച്വറി മികവില്‍ പാകിസ്ഥാനെ നാല് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന കളി ലോകമെമ്പാടുമുളള ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്‌ത്തിയ മത്സരം കൂടിയായിരുന്നു.