കേരളം

kerala

ETV Bharat / sports

റൂണിയുടെ റെക്കോഡ് പൊളിച്ച് ഹാരി കെയ്‌ന്‍; ഇറ്റലിയോട് കണക്ക് തീര്‍ത്ത് ത്രീലയണ്‍സ് - വെയ്‌ന്‍ റൂണി

1961ന് ശേഷം ഇറ്റലിയില്‍ ആദ്യ വിജയം നേടി ഇംഗ്ലണ്ട്. യൂറോ കപ്പ് ക്വളിഫയറിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ഇറ്റലിയെ തോല്‍പ്പിച്ചത്. ഡെക്ലാന്‍ റൈസ്, ക്യാപ്റ്റന്‍ ഹാരി കെയ്‌ന്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോളടിച്ചത്.

Euros 2023 Qualifiers  Harry Kane  Harry Kane record  England vs Italy highlights  harry kane breaks wayne rooney record  wayne rooney  റൂണിയുടെ റെക്കോഡ് പൊളിച്ച് ഹാരി കെയ്‌ന്‍  യൂറോ കപ്പ് ക്വളിഫയര്‍  ഹാരി കെയ്‌ന്‍  ഹാരി കെയ്‌ന്‍ റെക്കോഡ്  വെയ്‌ന്‍ റൂണി  ഇംഗ്ലണ്ട് vs ഇറ്റലി
ഇറ്റലിയോട് കണക്ക് തീര്‍ത്ത് ത്രീലയണ്‍സ്

By

Published : Mar 24, 2023, 11:25 AM IST

നേപ്പിൾസ്: യൂറോ കപ്പ് ക്വളിഫയറിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ വീഴ്‌ത്തിയ ഇംഗ്ലണ്ടിന് മിന്നും തുടക്കം. ഗ്രൂപ്പ് സിയിലെ വമ്പന്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ഇറ്റലിയെ കീഴടക്കിയത്. ഇംഗ്ലണ്ടിനായി ഡെക്ലാന്‍ റൈസ്, ക്യാപ്റ്റന്‍ ഹാരി കെയ്‌ന്‍ എന്നിവര്‍ ഗോളടിച്ചപ്പോള്‍ മറ്റിയോ റെതഗിയാണ് ഇറ്റലിയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

മത്സരത്തിന്‍റെ ആദ്യ പകുതി പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. മധ്യനിരയില്‍ യുവതാരങ്ങളായ ഡെക്ലാൻ റൈസും ജൂഡ് ബെല്ലിങ്‌ഹാമുമായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചത്. തുടര്‍ന്ന് 13ാം മിനിട്ടിലാണ് ഡെക്ലാന്‍ റൈസ് സന്ദര്‍ശകരുടെ ഗോള്‍ പട്ടിക തുറന്നത്.

താരത്തിന്‍റെ തകര്‍പ്പന്‍ ക്ലോസ് റേഞ്ചര്‍ ഇറ്റലിയുടെ ഗോള്‍ വല കുലുക്കുകയായിരുന്നു. പിന്നാലെ ഇടവേളയ്‌ക്ക് പിരിയും മുമ്പ് ഹാരി കെയ്ന്‍ ലീഡുയര്‍ത്തി. 44ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം. ഹാരി കെയ്‌ന്‍ ഇംഗ്ലണ്ടിനായി നേടുന്ന 54ാം ഗോളാണിത്.

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഹാരി കെയ്‌ന്‍

ഇതോടെ രാജ്യത്തിനായി ഏറ്റവും ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കാനും 29കാരന് കഴിഞ്ഞു. ഇതിഹാസ താരം വെയ്ൻ റൂണിയെയാണ് കെയ്‌ന്‍ മറി കടുന്നത്. ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ ഫൈനലില്‍ ഫ്രാന്‍സിനെതിര ഗോളടിച്ചപ്പോള്‍ വെയ്ന്‍ റൂണിയുടെ 53 ഗോള്‍ എന്ന റെക്കോഡിന് ഒപ്പമെത്താന്‍ കെയ്‌ന് കഴിഞ്ഞിരുന്നു. ഇതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ ഈ നേട്ടം ഒറ്റയ്‌ക്ക് നേടാന്‍ 29കാരന് കഴിഞ്ഞു.

അതേസമയം മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ആതിഥേയര്‍ കൂടുതല്‍ ഉണര്‍ന്ന് കളിച്ചു. ഇതിന്‍റെ ഫലമായി 56-ാം മിനിട്ടില്‍ മറ്റിയോ റെതെഗിയിലൂടെ ഒരു ഗോള്‍ മടക്കാനും സംഘത്തിന് കഴിഞ്ഞു. എന്നാല്‍ പ്രതിരോധം ശക്തമാക്കിയ ഇംഗ്ലണ്ട് മത്സരം സ്വന്തമാക്കുകയായിരുന്നു.

80-ാം മിനിട്ടില്‍ ലൂക്ക് ഷോ രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ച് പുറത്തായതോടെ പത്ത് പേരുമായാണ് സന്ദര്‍ശകര്‍ മത്സരം പൂര്‍ത്തിയാക്കിയത്. 1961ന് ശേഷം ഇംഗ്ലണ്ട് ഇറ്റലിയില്‍ നേടുന്ന ആദ്യ വിജയമാണിത്. വിജയത്തോടെ കഴിഞ്ഞ യൂറോ കപ്പ് ഫൈനലിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കാനും ത്രീലയണ്‍സിന് കഴിഞ്ഞു. അന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഗാരെത് സൗത്ത്ഗേറ്റിന്‍റെ സംഘം കീഴടങ്ങിയത്.

പരിക്കേറ്റ സിറോ ഇമ്മോബൈൽ, ഫെഡറിക്കോ കിയേസ എന്നിവര്‍ കളിക്കാതിരുന്നത് ഇറ്റലിക്ക് തിരിച്ചടിയായി. യോറോ കപ്പ് ക്വാളിഫയറിലെ 41 മത്സരങ്ങളില്‍ സംഘത്തിന്‍റെ ആദ്യ തോല്‍വികൂടിയാണിത്.

ഹാരി കെയ്‌ന്‍

റെക്കോഡില്‍ സന്തോഷം: ഇംഗ്ലണ്ടിന്‍റെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹാരി കെയ്‌ന്‍ മത്സര ശേഷം പ്രതികരിച്ചു. "ഇത് എല്ലാം അർത്ഥമാക്കുന്നതാണ്. ഇംഗ്ലണ്ട് കുപ്പായം തിരികെ അണിയുന്നതിൽ വളരെ ആവേശമുണ്ട്. പന്ത് വലയിലെത്തിക്കാന്‍ കഴിഞ്ഞപ്പോള്‍ വളരെയധികം വികാരങ്ങളിലുടെയാണ് കടന്ന് പോയത്.

പിന്തുണയ്‌ക്ക് സഹതാരങ്ങള്‍ക്കും സ്റ്റാഫിനും ആരാധകർക്കും വലിയ നന്ദി. വെയ്ൻ റൂണി ഈ റെക്കോഡ് സ്വന്തമാക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഞാനും മൈതാനത്തുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് എനിക്ക് എന്നും അഭിമാനമുണ്ട്" ഹാരി കെയ്‌ന്‍ പറഞ്ഞു.

അഭിനന്ദനവുമായി റൂണി:ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയ ഹാരി കെയ്‌നെ അഭിനന്ദിച്ച് ആദ്യം രംഗത്ത് എത്തിയവരുടെ കൂട്ടത്തില്‍ വെയ്‌ന്‍ റൂണിയുമുണ്ടായിരുന്നു. തന്‍റെ റെക്കോഡ് അധികം വൈകാതെ തന്നെ അറിയാമായിരുന്നുവെന്നും കെയ്‌ന് എല്ലാവിധ ആശംസകള്‍ നേരുന്നതായും റൂണി ട്വിറ്ററില്‍ കുറിച്ചു.

"ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി മാറിയതിന് ഹാരി കെയ്‌നിന് അഭിനന്ദനങ്ങൾ. അതിന് അധികം സമയമെടുക്കില്ലെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് പെട്ടെന്നായിരുന്നു. മികച്ച മനുഷ്യനും അവിശ്വസനീയമായ ഗോൾ സ്‌കോററും ഇംഗ്ലണ്ട് ഇതിഹാസവും. അഭിനന്ദനങ്ങൾ ഹാരി!" റൂണി ട്വിറ്ററിൽ എഴുതി.

ALSO READ:കളം നിറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ലിച്ചെൻസ്റ്റീനെതിരെ പോര്‍ച്ചുഗലിന്‍റെ പടയോട്ടം

ABOUT THE AUTHOR

...view details