ഓള്‍ഡ് ട്രഫോര്‍ഡ് :യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് റയല്‍ സോസിഡാഡ്. 20 വര്‍ഷത്തിന് ശേഷം ആദ്യമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങിയ യൂറോപ്പ ലീഗ് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്‌പാനിഷ് ക്ലബ്ബിന്‍റെ വിജയം. 59-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ബ്രയിസ് മെന്‍ഡസാണ് റയല്‍ സോസിഡാഡിനായി ഗോള്‍ നേടിയത്.
യൂറോപ്പ ലീഗ് : മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് റയല്‍ സോസിഡാഡ് - മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് vs റയല്‍ സോസിഡാഡ്
റയല്‍ സോസിഡാഡിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടത്
രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ ലിസാൻഡ്രോ മാർട്ടിനെസിന്‍റെ ബോക്‌സിനുള്ളിലെ ഹാന്‍ഡ്ബോളാണ് റയല്‍ സോസിഡാഡിന് നിര്‍ണായക പെനാല്‍റ്റി സമ്മാനിച്ചത്. ഡേവിഡ് സിൽവയുടെ ഷോട്ട് തടുക്കുന്നതിനിടെ ലിസാൻഡ്രോയുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ലഭിച്ച അവസരം കൃത്യമായി ബ്രയിസ് മെന്‍ഡസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
പ്രീമിയര്‍ലീഗിലെ നാല് മത്സരങ്ങളുടെ അപരാജിത കുതിപ്പിന്‍റെ ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ് സീസണിലെ ആദ്യ യൂറോപ്പ ലീഗ് മത്സരത്തിനിറങ്ങിയത്. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, കാസിമിറോ എന്നിവര്‍ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നെങ്കിലും യൂറോപ്പ ലീഗില്‍ ജയിച്ച് തുടങ്ങാന്‍ റെഡ് ഡെവിള്‍സിനായില്ല. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് കറുത്ത ബാന്‍ഡുകള്‍ ധരിച്ചാണ് ഇരു ടീമിലെ താരങ്ങളും കളത്തിലിറങ്ങിയത്.