മൊൾഡോവ : യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന് ആദ്യ ജയം. ഇ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മൊൾഡോവൻ ക്ലബ് ഷെറിഫിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാര്‍ തകര്‍ത്തത്. യുണൈറ്റഡിനായി ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, ജേഡന്‍ സാഞ്ചോ എന്നിവരാണ് ഗോളുകള്‍ നേടിയത്.
മത്സരത്തിന്‍റെ പതിനേഴാം മിനിട്ടിലാണ് യുണൈറ്റഡിന്‍റെ ആദ്യ ഗോള്‍ പിറന്നത്. ക്രിസ്‌റ്റ്യന്‍ എറിക്സണ്‍ ബോക്സിലേക്ക് നല്‍കിയ പാസ് സ്വീകരിച്ച ജേഡന്‍ സാഞ്ചോ കൃത്യമായി പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇടത് വശം കേന്ദ്രീകരിച്ചായിരുന്നു യുണൈറ്റഡിന്‍റെ പല മുന്നേറ്റങ്ങളും പിറന്നത്.
യുണൈറ്റഡ് മുന്നേറ്റനിര താരം ആന്‍റണി മത്തയോസിനെ ബോക്‌സില്‍ ഫൗള്‍ ചെയ്‌തതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് യുണൈറ്റഡ് തങ്ങളുടെ രണ്ടാം ഗോള്‍ നേടിയത്. 38-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി വലയിലെത്തിച്ച് യുണൈറ്റഡ് ലീഡുയര്‍ത്തിയത് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയാണ്. ക്ലബ് കരിയറിലെ 699ാം ഗോളും യൂറോപ്പ ലീഗിലെ ആദ്യ ഗോളുമാണ് റൊണാള്‍ഡോ ഷെറിഫിനെതിരെ സ്വന്തമാക്കിയത്.
ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഇ ഗ്രൂപ്പില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റയല്‍ സോസിഡാഡ് സൈപ്രസ് ക്ലബ് ഓമോനിയയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാരായ റയല്‍ സോസിഡാഡിന്‍റെ വിജയം.