ഓൾഡ് ട്രഫോർഡ്: യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ സൈപ്രസ് ക്ലബ്ബ് ഒമോനിയയ്‌ക്കെതിരെ നാടകീയമായ ജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയത്. എകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുണൈറ്റഡിന്‍റെ വിജയം. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്‍റെ 93-ാം മിനിട്ടില്‍ സ്‌കോട്ട് മക്‌ടോമിനെയാണ് സംഘത്തിന്‍റെ രക്ഷകനായത്.
സ്വന്തം തട്ടകമായ ഓൾഡ് ട്രഫോർഡില്‍ 78 ശതമാനവും പന്ത് കൈവശം വച്ച് യുണൈറ്റഡ് ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഒമോനിയ ഗോൾ കീപ്പർ ഫ്രാൻസിസ് ഓസോയുടെ തകര്‍പ്പന്‍ ഫോമാണ് യുണൈറ്റഡിന് തിരിച്ചടിയായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാര്‍ക്കസ് റഷ്‌ഫോര്‍ഡും ആന്‍റണിയുമെല്ലാം നിരന്തരം ആക്രമണം അഴിച്ച് വിട്ടെങ്കിലും ഓസോയുടെ പ്രതിരോധം തകര്‍ക്കാനായിരുന്നില്ല.
യുണൈറ്റഡ് താരങ്ങള്‍ 13 ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തപ്പോള്‍ 12 എണ്ണവും ഫ്രാൻസിസ് ഓസോ തടഞ്ഞിട്ടു. മത്സര ശേഷം തന്‍റെ ഈ പ്രകടനത്തെക്കുറിച്ച് ഓസോ മനസ് തുറന്നു. യുണൈറ്റഡിന്‍റെ കട്ട ആരാധകനാണ് താനെന്നാണ് 23കാരനായ നൈജീരിയക്കാരന്‍ പറഞ്ഞത്.