റോം: യൂറോപ്പ ലീഗ് പ്ലേ ഓഫിൽ ബാഴ്‌സലോണക്ക് തകർപ്പൻ വിജയം. രണ്ടാം പാദത്തിൽ നാപോളിയെ അവരുടെ തട്ടകത്തിൽ നേരിട്ട ബാഴ്‌സലോണ രണ്ടിനെതിരെ നാലു ഗോളിന്‍റെ ഗംഭീര വിജയമാണ് നേടിയത്. ന്യൂകാമ്പിൽ നടന്ന ആദ്യ പാദം 1-1 ലാണ് അവസാനിച്ചിരുന്നത്.
4-3-3 ഫോർമേഷനിൽ കളത്തിലിറങ്ങിയ ബാഴ്‌സ 8-ാം മിനിറ്റിൽ തന്നെ മുന്നിലെത്തി. അഡാമ ട്രയോറുടെ പാസിൽ നിന്നും ജോർദി ആൽബയാണ് ഗോൾ നേടിയത്. തൊട്ടു പിന്നാലെ 13-ാം മിനിട്ടിൽ ഡി ജോങ് ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി. ഫെറാൻ ടോറസാണ് ഡിജോങ്ങിന്‍റെ മനോഹരമായ ഗോളിനു വഴിയൊരുക്കിയത്. 23-ാം മിനിട്ടിൽ ഒസിമനെ ടെർസ്‌റ്റീഗൻ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഇൻസിനെ നാപോളിക്ക് പ്രതീക്ഷ നൽകി.
ആദ്യ പകുതി അവസാനാക്കുന്നതിന് തൊട്ടുപിന്നാലെ പിക്വ നേടിയ ഗോൾ ബാഴ്‌സയുടെ സമ്മർദ്ദം കുറച്ചു. 59-ാം മിനിറ്റില്‍ അഡാമ മറ്റൊരു ഗോളിന് കൂടി വഴിയൊരുക്കി. ഇത്തവണ ഔബമയംഗാണ് വലകുലുക്കിയത്. ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവിൽ താരത്തിന്‍റെ നാലാമത്തെ അസിസ്റ്റാണിത്. 87-ാം മിനിറ്റില്‍ പൊളിറ്റാനോ മറ്റൊരു ഗോള്‍ തിരിച്ചടിച്ചതാണ് ഇറ്റാലിയന്‍ ടീമിന് ആശ്വാസമായത്. രണ്ട് പാദങ്ങളിലുമായി 5-3നാണ് ബാഴ്‌സ ജയിച്ചത്.
ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പുറത്ത്
യുവേഫ യൂറോപ്പ ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് പുറത്ത്. റേഞ്ചേഴ്‌സിനോട് ആദ്യ പാദത്തിൽ 4-2 നു തോൽവി നേരിട്ട അവർ രണ്ടാം പാദത്തിൽ 2-2 ന്‍റെ സമനില പാലിക്കുക ആയിരുന്നു. ജെയിംസ് ടവനിയറിന്‍റെ ഇരട്ട ഗോളുകളാണ് സ്‌കോട്ടിഷ് ടീമിന് മുന്നോട്ടുള്ള വഴിയൊരുക്കിയത്. ബെല്ലിങ്ഹാം, മാലെൻ എന്നിവരാണ് ജർമ്മൻ ടീമിന് ആയി ആശ്വാസ ഗോളുകൾ നേടിയത്.
ALSO READ:ഐഎസ്എല്‍ : ഒഡിഷ എഫ്‌സിക്കെതിരെ എടികെ മോഹന്‍ ബഗാന് സമനിലപ്പൂട്ട്
ലാസിയോയെ വീഴ്ത്തി പോര്‍ട്ടോയും അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. ആദ്യപാദത്തിലെ 2-1 ന്‍റെ ജയമാണ് പോര്‍ട്ടോയ്ക്ക് ഗുണമായത്. രണ്ടാംപാദം 2-2ന് അവസാനിച്ചു. ഇമ്മോബയിലിന്‍റെ ഗോളിൽ ലാസിയോ മുന്നിലെത്തിയെങ്കിലും മെഹ്‌ദി തറെമി, മത്യാസ് ഉറിബെ എന്നിവരിലൂടെ പോർട്ടോ മുന്നിലെത്തി. 94 മത്തെ മിനിറ്റിൽ ഡാനിലോ കറ്റാൽഡി നേടിയ ഗോൾ ലാസിയോക്ക് പ്രതീക്ഷ നൽകി. സമനില ഗോളിന് ആയി അവർ പൊരുതിയെങ്കിലും പോർട്ടോ പിടിച്ചു നിൽക്കുക ആയിരുന്നു.
ആദ്യ പാദത്തിൽ റയൽ സോസിദാഡിനോട് 2-2 നു സമനില വഴങ്ങിയ ആർ.ബി ലൈപ്‌സിഗ് രണ്ടാം പാദത്തിൽ 3-1 നു ജയം കണ്ടു. ജർമ്മൻ ക്ലബിന് ആയി വില്ലി ഓർബൻ, ആന്ദ്ര സിൽവ, എമിൽ ഫോർസ്ബർഗ് എന്നിവർ ആണ് ഗോളുകൾ നേടിയത്. ആന്ദ്ര സിൽവ നേരത്തെ പെനാൽട്ടി പാഴാക്കുന്നതും മത്സരത്തിൽ കണ്ടു.