ലിസ്‌ബണ്‍: യൂറോ കപ്പ് ക്വാളിഫയര്‍ ഗ്രൂപ്പ് ജെയിലെ ആദ്യ മത്സരത്തില്‍ ലിച്ചെൻസ്റ്റീനെതിരെ തകര്‍പ്പന്‍ ജയവുമായി പോര്‍ച്ചുഗല്‍. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് പറങ്കിപ്പട ലിച്ചെൻസ്റ്റീനെ തകര്‍ത്ത് വിട്ടത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവാണ് പോര്‍ച്ചുഗലിന് മിന്നും ജയമൊരുക്കിയത്.
ജാവോ കാൻസലോ, ബെർണാഡോ സിൽവ എന്നിവരും ടീമിനായി ലക്ഷ്യം കണ്ടു. ഖത്തര്‍ ലോകകപ്പില്‍ പകരക്കാരുടെ ബെഞ്ചിലിരിക്കേണ്ടി വന്ന റൊണാള്‍ഡോയെ ക്യാപ്റ്റന്‍റെ ആംബാന്‍ഡ് അണിയിച്ചാണ് പുതിയ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് സ്റ്റാര്‍ട്ടിങ് ഇലവനലിക്ക് തിരികെ എത്തിച്ചത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് ലിച്ചെൻസ്റ്റീന്‍ ഗോള്‍ പോസ്റ്റിലേക്ക് ഇരച്ച് കയറിയ പോര്‍ച്ചുഗള്‍ തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്.
ജാവോ ഫെലിക്‌സിനൊപ്പം സ്‌ട്രൈക്കറായി കളി തുടങ്ങിയ റൊണാള്‍ഡോ മത്സത്തിന്‍റെ രണ്ടാം മിനിട്ടില്‍ തന്നെ മികച്ച ഒരു അവസരമൊരുക്കിയിരുന്നു. എന്നാല്‍ പന്ത് വലയിലെത്തിക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ ഗോള്‍ അകന്ന് നിന്നു. തുടര്‍ന്ന് മത്സരത്തിന്‍റെ എട്ടാം മിനിട്ടില്‍ ജാവോ കാന്‍സലോയിലൂടെ പറങ്കിപ്പട മുന്നിലെത്തി.
പിന്നീടും ലിച്ചെൻസ്റ്റീന്‍ പോസ്റ്റിലേക്ക് പോര്‍ച്ചുഗലിന്‍റെ മുന്നേറ്റം തുടര്‍ന്നെങ്കിലും കൂടുതല്‍ ഗോള്‍ വഴങ്ങാതെ ആദ്യ പകുതി അവസാനിപ്പിക്കാന്‍ സംഘത്തിന് കഴിഞ്ഞു. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പോര്‍ച്ചുഗല്‍ ലീഡുയര്‍ത്തി. 47ാം മിനിട്ടില്‍ ബെര്‍ണാര്‍ഡോ സില്‍വയായിരുന്നു ഗോളടിച്ചത്.
തുടര്‍ന്നായിരുന്നു 38കാരനായ ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോള്‍ നേട്ടം. 51ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ഗോളടിച്ചത്. ലിച്ചെൻസ്റ്റീന്‍ ബോക്‌സില്‍ കാന്‍സലോ ഫൗള്‍ ചെയ്യപ്പെട്ടതിനായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത പോര്‍ച്ചുഗല്‍ നായകന് പിഴയ്‌ച്ചില്ല. പിന്നാലെ 63-ാം മിനിട്ടില്‍ ഒരു തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ താരം പോര്‍ച്ചുഗലിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്‌തു.
മത്സരത്തിന്‍റെ 83 ശതമാനവും പന്ത് കൈവശം വച്ച ആതിഥേയര്‍ കനത്ത ആധിപത്യം പുലര്‍ത്തിയിരുന്നു. ഒരു ഷോട്ട് മാത്രമാണ് ലിച്ചെൻസ്റ്റീന് ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ കഴിഞ്ഞത്. ഖത്തര്‍ ലോകകപ്പിന് പിന്നാലെ സ്ഥാനം നഷ്‌ടമായ ഫെര്‍ണാണ്ടോ സാന്‍റോസിന് പകരമെത്തിയ റോബര്‍ട്ടോ മാര്‍ട്ടിനെസിന് കീഴില്‍ പുതിയ ഒരു യുഗമാണ് തങ്ങള്‍ തുടങ്ങുന്നതെന്ന മുന്നറിയിപ്പാണ് മത്സരത്തിലൂടെ പോര്‍ച്ചുഗല്‍ നല്‍കുന്നത്.
ക്രിസ്റ്റായനോയ്‌ക്ക് വീണ്ടും റെക്കോഡ്: റെക്കോഡുകളുടെ തോഴനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലിച്ചെൻസ്റ്റീനെതിരായ മത്സരത്തിനിറങ്ങിയതോടെ തന്നെ വീണ്ടുമൊരു റെക്കോഡ് തന്‍റെ പേരില്‍ ചേര്‍ത്ത താരം ഇരട്ട ഗോള്‍ നേടിയതോടെ വീണ്ടും റെക്കോഡിട്ടു. ലിച്ചെൻസ്റ്റീനെതിരായ മത്സരത്തിനിറങ്ങിയതോടെ പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്.
38കാരന്‍റെ 197-ാം അന്താരാഷ്‌ട്ര മത്സരമായിരുന്നുവിത്. ഇതോടെ കുവൈത്തിന്‍റെ ബാദർ അൽ മുത്താവയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. കൂടാതെ സൗഹൃദ മത്സരങ്ങള്‍ ഉള്‍പ്പെടുത്താതെ 100 അന്താരാഷ്‌ട്ര ഗോളുകള്‍ തികയ്‌ക്കാനും, പെനാല്‍റ്റി ഉള്‍പ്പെടുത്താതെ 100 അന്താരാഷ്‌ട്ര ഗോളുകളെന്ന നാഴികകല്ലിലെല്ലാത്താനും താരത്തിന് കഴിഞ്ഞു.
ALSO READ:ഫ്രീ കിക്കിലൂടെ 800-ാം ഗോളടിച്ച് മെസി; സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പാനമയെ വീഴ്‌ത്തി അര്‍ജന്‍റീന