മാഞ്ചസ്റ്റര്‍: ഖത്തര്‍ ലോകകപ്പില്‍ തന്‍റേ ഫേവറേറ്റുകളായി നാല് ടീമുകളുണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡ്. ബ്രസീൽ, അർജന്‍റീന, ഫ്രാൻസ് എന്നിവയ്‌ക്കൊപ്പം ഇംഗ്ലണ്ടും തന്‍റെ ഫേവറേറ്റാണെന്ന് ഹാലന്‍ഡ് പറഞ്ഞു. ഖത്തര്‍ ലോകകപ്പില്‍ ധാരാളം മികച്ച ടീമുകളുള്ളതിനാല്‍ ഒന്നിനെ മാത്രം തെരഞ്ഞെടുക്കുക പ്രയാസമാണെന്നും 22കാരനായ നോര്‍വീജിയന്‍ താരം പറഞ്ഞു.
ഫിഫ ലോകകപ്പില്‍ ഒരിക്കല്‍ നോർവേയ്‌ക്ക് വേണ്ടി കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഹാലന്‍ഡ് കൂട്ടിച്ചേര്‍ത്തു. ടീമിനൊപ്പം ഒരു യൂറോ കപ്പോ, ലോകകപ്പോ നേടുകയാണ് തന്‍റെ ലക്ഷ്യം. അത് പ്രയാസമേറിയ കാര്യമാണെങ്കിലും ഭാവിയിൽ അതു നിറവേറുമെന്ന് പ്രതീക്ഷിക്കുന്നതായും ഹാലന്‍ഡ് പറഞ്ഞു.