ലണ്ടന്‍:പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് (Erik ten Hag) കീഴില്‍ തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും ദുരന്തമാവുകയാണ്. സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും തങ്ങളുടെ ചെകുത്താന്‍ വീര്യം പുറത്തെടുക്കാന്‍ ടീമിന് കഴിഞ്ഞിട്ടില്ല. ചാമ്പ്യന്‍സ് ലീഗില്‍ ഏറെക്കുറെ പുറത്താവലിന്‍റെ വക്കിലാണ് യുണൈറ്റഡുള്ളത്.
താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിൽ നിന്നുമാണ് നോക്കൗട്ടിലേക്ക് മുന്നേറാന്‍ ചുകന്ന ചെകുത്താന്മാര്‍ കഷ്‌ടപ്പെടുന്നത്. (Manchester United in Champions League) അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് എയിലെ അവസാനക്കാരാണ് എറിക് ടെന്‍ ഹാഗിന്‍റെ ടീം. അഞ്ചില്‍ മൂന്നിലും തോല്‍വി വഴങ്ങിയ ടീമിന് ഒരു ജയവും ഒരു സമനിലയും മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
ഇനി ബാക്കിയുള്ള ഒരേയൊരു മത്സരത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെയാണ് ടീമിന് നേരിടാനുള്ളത്. ബയേണിനെ കീഴടക്കിയാല്‍ മാത്രമേ ഇനി ടൂര്‍ണമെന്‍റിന്‍റെ നോക്കൗട്ടിലേക്ക് യുണൈറ്റഡിന് മുന്നില്‍ എന്തെങ്കിലും സാധ്യതയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ വിയര്‍ത്ത് കളിച്ചെങ്കില്‍ മാത്രമേ ബയേണെ മെരുക്കാന്‍ ടെന്‍ ഹാഗിനും സംഘത്തിനും കഴിയൂ. എന്നാല്‍ അതു മാത്രം പോരതാനും.
ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മത്സര ഫലത്തേയും യുണൈറ്റഡിന് ആശ്രയിക്കേണ്ടതുണ്ട്. ഗലാറ്റസറെയും കോപ്പൻഹേഗനും ഏറ്റുമുട്ടുമ്പോള്‍ ആരും ജയിക്കാതിരിക്കുകയും വേണം. പ്രീമിയല്‍ ലീഗിലേക്ക് എത്തുമ്പോളും ആശ്വസിക്കാന്‍ ഒരു വകയും യുണൈറ്റഡിനില്ല. നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ടീം. കളിച്ച 14 മത്സരങ്ങളില്‍ ആറിലും ടീം തോല്‍വി വഴങ്ങി. കൂടാതെ ടേബിളിന്‍റെ ആദ്യ പകുതിയില്‍ ഉള്‍പ്പെട്ട ഏതൊരു ടീമിന്റെയും ഏറ്റവും മോശം ഗോൾ വ്യത്യാസവും യുണൈറ്റഡിന്‍റേതാണ്. (Manchester United in English premier league)