മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരായ മത്സരം പൂർത്തിയാകുന്നതിന് മുന്നേ ഗ്രൗണ്ട് വിട്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നടപടി ഏറെ വിവാദങ്ങൾക്കാണ് വഴിവച്ചത്. ആദ്യ ഇലവനിലും പകരക്കാരനായും തന്നെ കളത്തിലിറക്കാത്തതാണ് താരത്തെ ചൊടുപ്പിച്ചത്. ഇപ്പോൾ താരം പകരക്കാരനായി കളത്തിലിറങ്ങാൻ വിസമ്മതിച്ചു എന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് പരിശീലകൻ എറിക് ടെൻ ഹാഗ്.
പകരക്കാരനായി ഇറങ്ങാൻ റെണാൾഡോ വിമുഖത കാട്ടിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ടെൻ ഹാഗ് അതെ എന്ന് മറുപടി നൽകിയത്. താനാണ് ടീമിന്‍റെ പരിശീലകൻ എന്നും അതിനാൽ ടീമിനകത്ത് നിലനിൽക്കുന്ന സംസ്‌കാരത്തിന് താനാണ് ഉത്തരവാദി എന്നും ടെൻ ഹാഗ് വ്യക്‌തമാക്കി. ഫുട്ബോള്‍ എന്നത് ടീം ഗെയിമാണ്. അതുകൊണ്ടുതന്നെ അതിന് അതിന്‍റേതായ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
അത് താരങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പരിശീലകനെന്ന നിലയില്‍ തന്‍റെ ചുമതലയാണ്. തീര്‍ച്ചയായും ഇപ്പോഴത്തെ നടപടിക്ക് പ്രത്യാഘാതം ഉണ്ടാകും. അത് താന്‍ സീസണ്‍ തുടങ്ങും മുൻപ് എല്ലാ കളിക്കാരോടും പറഞ്ഞിട്ടുള്ളതാണെന്നും ടെന്‍ ഹാഗ് പറഞ്ഞു. അതേസമയം മോശം പെരുമാറ്റത്തെത്തുടർന്ന് റൊണാൾഡോയെ ചെൽസിക്കെതിരായി ഇന്ന് നടക്കുന്ന മത്സരത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.
ചെൽസിക്കെതിരെ പുറത്ത്: ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്‌ജിലേക്ക് പോകുന്ന സംഘത്തിൽ റൊണാൾഡോ ഉണ്ടാവില്ലെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചു. പിന്നാലെ ടീമിനെയും സഹതാരങ്ങളേയും പരിശീലകരേയും ബഹുമാനിക്കുന്നതാണ് തന്‍റെ രീതിയെന്നും അപ്പോഴുണ്ടായ പ്രയാസത്തിൽ ചെയ്‌ത് പോയതാണെന്നും റൊണാൾഡോ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.