മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒലെ ഗുന്നർ സോൾസ്‌ജറിന്‍റ പിൻഗാമിയായി ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗ്. അജാക്‌സിൽ നിന്നുള്ള അന്തിമ തീരുമാനത്തിനായി കാത്തിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക പ്രഖ്യാപനം നടത്താൻ തയ്യാറെടുക്കുകയാണ്. പ്രീമിയർ ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് ഒലെ ഗുന്നർ സോൾസ്‌ജെയറിനെ പുറത്താക്കിയതോടെ കഴിഞ്ഞ വർഷം അവസാനം മുതൽ ഇംഗ്ലീഷ് ടീമിന് സ്ഥിരമായ പരിശീലകനില്ല.
ടെൻ ഹാഗിനൊപ്പം അയാക്‌സിന്‍റെ സഹ പരിശീലകൻ മിച്ചൽ വാൻ ഡെർ ഗാഗും എത്തും. 2025വരെയുള്ള കരാർ ആകും എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവയ്ക്കുക. അടുത്ത സീസണിന്‍റെ തുടക്കം മുതൽ ടെൻ ഹാഗ് ടീമിനിപ്പം ചേരും. ടെൻ ഹാഗിനെ മാനേജരായി കൊണ്ടുവരുന്നതിനെ ഇപ്പോഴത്തെ പരിശീലകൻ റാഗ്നിക്കും സമ്മതിച്ചിട്ടുണ്ട്.
സർ അലക്‌സ് ഫെർഗൂസണിന് ശേഷമുള്ള ഒമ്പത് വർഷത്തെ ട്രാൻസ്‌ഫർ വിപണിയിൽ സംഭവിച്ച പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ഭാവി ട്രാൻസ്‌ഫറിൽ ക്ലബ് എക്‌സിക്യുട്ടീവിനൊപ്പം അന്തിമ തീരുമാനം എടുക്കാനുള്ള ടെൻ ഹാഗിന്‍റെ ഒരു പ്രധാന ആവശ്യം ക്ലബ് അനുവദിച്ചതായാണ് റിപ്പോർട്ട്.