മാഞ്ചസ്റ്റർ : ഇംഗ്ലീഷ് പ്രതിരോധതാരം ഹാരി മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ നായകസ്ഥാനത്ത് തുടരുമെന്ന് പരിശീലകൻ എറിക് ടെൻ ഹാഗ്. മഗ്വയർ ടീമിന്‍റെ പ്രധാനപ്പെട്ട താരമാണെന്നും അദ്ദേഹത്തിന്‍റെ കാര്യത്തിൽ തനിക്ക് ഒരു സംശയവും ഇല്ല എന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തു. മുൻ അയാക്‌സ് പരിശീലകൻ ചുമതല ഏറ്റെടുത്തതോടെ കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ മഗ്വയറിനെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്ന് നീക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി.
2021-22 സീസണിൽ ഹാരി മഗ്വയർ മോശം പ്രകടനമാണ് നടത്തിയത്. ഒരു പ്രൊഫഷണൽ ഫുട്‌ബോളർ വരുത്താൻ പാടില്ലാത്ത തെറ്റുകൾ നിരവധി മത്സരങ്ങളിൽ ആവർത്തിച്ച താരത്തിനെതിരെ ആരാധകർ പ്രതിഷേധം അറിയിച്ചിരുന്നു. അതോടൊപ്പം ടീമിന്‍റെ നായകനാവാൻ യോഗ്യനല്ലെന്ന് പറയുകയും ചെയ്‌തെങ്കിലും എറിക് ടെൻ മഗ്വയർ തന്നെ തുടരാനുള്ള തീരുമാനമാണ് എടുത്തത്.