ലണ്ടന്‍:പുതിയ പരിശീലകന് കീഴില്‍ ഹോം സ്റ്റേഡിയത്തിലെ ആദ്യ പ്രീമിയര്‍ ലീഗ് (Premier League) മത്സരത്തില്‍ ജയം നേടി ടോട്ടനം (Tottenham Hotspur Victory In EPL). എറിക് ടെന്‍ ഹാഗിന്‍റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ (Manchester United) വീഴ്‌ത്തിയാണ് ടോട്ടനം സീസണിലെ ആദ്യത്തെ ജയം സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് മത്സരത്തില്‍ ചുവന്ന ചെകുത്താന്മാരെ സ്‌പർസ് വീഴ്‌ത്തിയത്.
ആതിഥേയര്‍ക്കായി പേപ്പ് മാറ്റർ സാർ (Pape Matar Sarr) ഒരു ഗോള്‍ നേടി. ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്‍റെ സെല്‍ഫ് ഗോളാണ് (Lisandro Martinez Own Goal Against Tottenham) മത്സരത്തില്‍ യുണൈറ്റഡിന്‍റെ തോല്‍വി ഭാരം കൂട്ടിയത്.
4-2-3-1 ശൈലിയിലാണ് ഇരു ടീമും മത്സരത്തിനായി ഇറങ്ങിയത്. റിച്ചാര്‍ലിസനെ (Richarlison) മുന്‍നിര്‍ത്തി ആയിരുന്നു ആതിഥേയരുടെ മുന്നേറ്റങ്ങള്‍. മറുവശത്ത് മാര്‍ക്കസ് റാഷ്‌ഫോര്‍ഡായിരുന്നു (Marcus Rashford) യുണൈറ്റഡിന്‍റെ സ്‌ട്രൈക്കര്‍ റോളില്‍ കളിച്ചത്.
ഒപ്പത്തിനൊപ്പമുള്ള പ്രകടനം പുറത്തെടുക്കാന്‍ മത്സരത്തിന്‍റെ ആദ്യ വിസില്‍ മുതല്‍ തന്നെ ഇരു ടീമിനും സാധിച്ചിരുന്നു. ആദ്യ പകുതി ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞതായിരുന്നെങ്കിലും പന്ത് കൃത്യമായി എതിര്‍വലയിലേക്ക് എത്തിക്കാന്‍ ഇരു സംഘത്തിനും സാധിച്ചിരുന്നില്ല. ഗോള്‍ രഹിതമായിട്ടായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ടോട്ടനം, മാഞ്ചസ്റ്റര്‍ ടീമുകള്‍ കളിയവസാനിപ്പിച്ചത്.