കേരളം

kerala

ETV Bharat / sports

EPL | ഓള്‍ഡ് ട്രഫോര്‍ഡില്‍ ചെല്‍സിയും വീണു; ടോപ്‌ ഫോറില്‍ സ്ഥാനം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത - ചാമ്പ്യന്‍സ് ലീഗ്

ചെല്‍സിയെ 4-1ന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കിയത്. ഈ ജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ യുണൈറ്റഡ് മൂന്നാം സ്ഥാനത്തേക്കും മുന്നേറി.

EPL  manchester united  chelsea  manchester united champions league  Man Utd vs Chelsea  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  ചെല്‍സി  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  ചാമ്പ്യന്‍സ് ലീഗ്  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് vs ചെല്‍സി
EPL

By

Published : May 26, 2023, 8:11 AM IST

ലണ്ടന്‍:മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിലേക്ക്. പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ ചെല്‍സിയെ തകര്‍ത്താണ് ചുവന്ന ചെകുത്താന്മാര്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കിയത്. ഓള്‍ഡ്‌ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ 4-1നായിരുന്നു യുണൈറ്റഡിന്‍റെ ജയം.

കാസിമിറോ, ആന്തോണി മാര്‍ഷ്യല്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോളടിച്ചപ്പോള്‍ ചെല്‍സിക്കായി ആശ്വാസ ഗോള്‍ നേടിയത് ജാവോ ഫെലിക്‌സാണ്. ഈ ജയത്തോടെ ചുവന്ന ചെകുത്താന്‍മാര്‍ പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കും മുന്നേറി. 37 മത്സരങ്ങളില്‍ 22 ജയം സ്വന്തമാക്കിയ യുണൈറ്റഡിന് 70 പോയിന്‍റാണ് നിലവില്‍.

ചെല്‍സിക്കെതിരെ ഒരു സമനില സ്വന്തമാക്കിയാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗ് യോഗ്യത ഉറപ്പാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സമനിലയോടെ കളിയവസാനിപ്പിക്കാന്‍ യുണൈറ്റഡ് ഒരുക്കമായിരുന്നില്ല. ആദ്യപകുതിയില്‍ ആറാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് ലീഡ് പിടിച്ചു.

മിഡ്‌ഫീല്‍ഡ് ജനറല്‍ കാസിമിറോയുടെ വകയായിരുന്നു ചെല്‍സിക്കെതിരെ യുണൈറ്റഡിന്‍റെ ആദ്യ ഗോള്‍. എറിക്‌സന്‍റെ ഫ്രീ കിക്കില്‍ നിന്നും ഒരു ഹെഡറിലൂടെയാണ് കാസിമിറോ പന്ത് എതിര്‍വലയില്‍ എത്തിച്ചത്. ഈ ഗോളിന് ശേഷം കളിയുടെ നിയന്ത്രണം ചെല്‍സിയുടെ പക്കലായിരുന്നു.

എന്നാല്‍, നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെടുത്തെങ്കിലും ഒന്ന് പോലും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് യുണൈറ്റഡ് മത്സരത്തില്‍ തങ്ങളുടെ ലീഡുയര്‍ത്തി. മാര്‍ഷ്യലായിരുന്നു ഇപ്രാവശ്യം ആതിഥേര്‍ക്കായി ഗോള്‍ കണ്ടെത്തിയത്.

Also Read :ഗാലറികളില്‍ ആർത്തലച്ച് വർണവെറിയൻമാർ... എവ്രയും എറ്റുവും മരിയോയും സ്റ്റെർലിങും... ഇപ്പോൾ വിനിഷ്യസും

കാസിമിറോയുടെ മനോഹര പാസില്‍ നിന്നായിരുന്നു മുന്നേറ്റത്തിന്‍റെ തുടക്കം. പിന്നാലെ സാഞ്ചോയിലൂടെ പന്ത് മാര്‍ഷ്യലിലേക്ക് എത്തുകയായിരുന്നു. ലീഡുയര്‍ത്താന്‍ രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തന്നെ നിരവധി അവസരങ്ങള്‍ യുണൈറ്റഡ് സൃഷ്‌ടിച്ചെടുത്തിരുന്നു.

എന്നാല്‍ മത്സരത്തിന്‍റെ 72-ാം മിനിറ്റിലാണ് ഇതിന്‍റെ ഫലം എറിക് ടെന്‍ ഹാഗിന്‍റെ ശിഷ്യന്മാര്‍ക്ക് ലഭിച്ചത്. പെനാല്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസാണ് ഇപ്രാവശ്യം യുണൈറ്റഡിന് വേണ്ടി ലക്ഷ്യം കണ്ടത്. 78-ാം മിനിറ്റില്‍ തന്നെ യുണൈറ്റഡിന്‍റെ അടുത്ത ഗോളും പിറന്നു.

ചെല്‍സിയുടെ പിഴവില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ നേടിയത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് യുണൈറ്റഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. സീസണില്‍ റാഷ്‌ഫോര്‍ഡിന്‍റെ 30-ാം ഗോളായിരുന്നുവിത്.

മത്സരത്തിന്‍റെ 89-ാം മിനിറ്റിലാണ് ചെല്‍സി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജാവോ ഫെലിക്‌സിന്‍റെ വകയായിരുന്നു ഗോള്‍. തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ 12-ാം സ്ഥാനത്ത് തന്നെ തുടരുകയാണ് ചെല്‍സി.

അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോപ്‌ ഫോറില്‍ സ്ഥാനം ഉറപ്പിച്ച സാഹചര്യത്തില്‍ ലിവര്‍പൂള്‍ യൂറോപ്പ ലീഗ് കളിക്കും. 37 മത്സരങ്ങളില്‍ 66 പോയിന്‍റാണ് ലിവര്‍പൂളിന്. 62 പോയിന്‍റോടെ ആറാം സ്ഥാനക്കാരായ ബ്രൈറ്റണും ഇക്കുറി യൂറോപ്പ ലീഗ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

Also Read :'ഇത് പ്രീമിയർ സിറ്റി': പ്രീമിയർ ലീഗ് കിരീടം പിന്നെയും പിന്നെയും ഇത്തിഹാദിലേക്ക് തന്നെ....

ABOUT THE AUTHOR

...view details