ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തോട് ഒരുപടി കൂടി അടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി. എവര്‍ട്ടണെ എതിരാല്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് സിറ്റി കിരീട പ്രതീക്ഷ ഉയര്‍ത്തിയത്. രണ്ടാം സ്ഥാനക്കാരായ ആഴ്‌സണല്‍ ബ്രൈറ്റണോട് തോല്‍വി വഴങ്ങിയതും പെപ്പ് ഗാര്‍ഡിയോളയ്‌ക്കും സംഘത്തിനും കിരീടം നിലനിര്‍ത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ലീഗില്‍ 35 മത്സരം പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 85 പോയിന്‍റാണ് നിലവില്‍ രണ്ടാം സ്ഥാനക്കാരായ ആഴ്‌സണലിന് 81 പോയിന്‍റും. സിറ്റിയേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ചതാണ് നിലവില്‍ ആഴ്‌സണലിന് തിരിച്ചടി.
ബ്രൈറ്റണ്‍ ഷോക്ക്:പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ബ്രൈറ്റണോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്‌സണല്‍ പരാജയപ്പെട്ടത്. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ വിറപ്പിക്കാന്‍ സന്ദര്‍കരായ ബ്രൈറ്റണ് സാധിച്ചിരുന്നു. ആഴ്‌സണലിനെതിരായ പോരാട്ടത്തില്‍ മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ബ്രൈറ്റണ്‍ മൂന്ന് ഗോളും നേടിയത്.
ജൂലിയോ എന്‍സിസോ, ഡെനിസ്, പെർവിസ് എസ്‌തുപിനാൻ എന്നിവരാണ് ബ്രൈറ്റന് വേണ്ടി ഗോള്‍ നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്‍റെ 51-ാം മിനിട്ടില്‍ എന്‍സിസോവാണ് ആഴ്‌സണലിനെ ആദ്യം ഞെട്ടിച്ചത്.
86-ാം മിനിട്ടില്‍ ഡെനിസിലൂടെ അവര്‍ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമിലാണ് ബ്രൈറ്റണ്‍ ഗോള്‍പട്ടിക പെർവിസ് എസ്‌തുപിനാൻ പൂര്‍ത്തിയാക്കിയത്. കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാന്‍ സാധിക്കാതെ പോയതാണ് മത്സരത്തില്‍ ആഴ്‌സണലിന് തിരിച്ചടിയായി മാറിയത്. ആഴ്‌സണലിനെ വീഴ്‌ത്തിയതോടെ ബ്രൈറ്റണ്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തി.