മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് (Premier League) സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ജയം പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ (Newcastle United) എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി വീഴ്‌ത്തിയത്. യുവതാരം യൂലിയന്‍ അല്‍വാരസ് (Julian Alvarez) നേടിയ ഗോളാണ് സിറ്റിക്ക് ജയം സമ്മാനിച്ചത്.
മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയ കിരീടങ്ങളെല്ലാം എത്തിഹാദ് സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സീസണിലെ ആദ്യ ഹോം മത്സരത്തിനായി ഇറങ്ങിയ സിറ്റിക്ക് വേണ്ടി പരിക്കേറ്റ് പുറത്തായ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയിന് (Kevin De Bruyne) പകരം ഫില്‍ ഫോഡനെ (Phil Foden) ആയിരുന്നു പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള (Pep Guardiola) കളത്തിലിറക്കിയത്. 4-3-2-1 ഫോര്‍മേഷനില്‍ സിറ്റി താരങ്ങള്‍ അണിനിരന്നപ്പോള്‍ 4-3-3 ശൈലിയിലായിരുന്നു ന്യൂകാസില്‍ കളിക്കാനിറങ്ങിയത്.
ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ആദ്യ അരമണിക്കൂര്‍. ഈ സമയത്തില്‍ ഭൂരിഭാഗം സമയവും സിറ്റിയുടെ കാലുകളിലായിരുന്നു പന്ത്. 31-ാം മിനിട്ടിലാണ് മത്സരത്തില്‍ സിറ്റിയുടെ ഗോള്‍ പിറന്നത് (Manchester City Goal Against NewCastle United) .
ന്യൂകാസില്‍ പ്രതിരോധപ്പൂട്ട് പൊളിച്ചായിരുന്നു അല്‍വാരസ് ഗോള്‍ നേടിയത്. തനിക്ക് ലഭിച്ച ത്രൂ ബോളുമായി ബോക്‌സിന്‍റെ ഇടതുമൂലയിലേക്ക് പാഞ്ഞ ഫില്‍ ഫോഡന്‍ പന്ത് അല്‍വാരസിന് മറിച്ചുനല്‍കുകയായിരുന്നു. ഫോഡന്‍റെ പാസ് സ്വീകരിച്ച യൂലിയന്‍ അല്‍വാരസ് ഒട്ടും സമയം കളയാതെ തന്നെ പന്ത് ലക്ഷ്യത്തിലെത്തിച്ചു (Julian Alvarez Goal Against NewCastle).