മാഞ്ചസ്റ്റർ: അവിശ്വസിനീയമായ രീതിയിൽ എർലിംഗ് ഹാലൻഡ് ഗോളടി തുടർന്ന മത്സരത്തിൽ വമ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. സ്വന്തം മൈതാനത്ത് സതാംപ്‌ടണെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ഹാലൻഡിനെ കൂടാതെ ജോവോ കാൻസെലോ, ഫിൽ ഫോഡൻ, റിയാദ് മഹ്‌റസ് എന്നിവരും ഗോൾ പട്ടികയിൽ ഇടം നേടി.
ജയത്തോടെ ആഴ്‌സണലിനെ മറികടന്ന് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനും ഗ്വാർഡിയോളയുടെ ടീമിനായി. സിറ്റിയുടെ തകർപ്പൻ ഫോമിൽ നിന്ന് തികച്ചും വ്യത്യസ്‌തമായി, സതാംപ്‌ടണിന്‍റെ തുടർച്ചയായ നാലാം തോൽവിയാണിത്. ഇതോടെ പരിശീലകനായ റാൽഫ് ഹസെൻഹട്ടിൽ സമ്മർദ്ദം വർധിച്ചു.
20-ാം മിനുറ്റിൽ കാൻസെലോയുടെ ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ മുൻപിലെത്തിയത്. തുടർന്ന് 32-ാം മിനുറ്റിൽ ഫിൽ ഫോഡന്‍റെ മികച്ചൊരു ഗോളിൽ സിറ്റി തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന സിറ്റിക്ക് വേണ്ടി റോഡ്രിയുടെ പാസിൽ നിന്ന് റിയാദ് മഹറസ് മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാമത്തെ ഗോളും നേടി. തുടർന്നാണ് മത്സരത്തിന്‍റെ 65-ാം മിനുറ്റിൽ ഹാലൻണ്ട് സിറ്റിയുടെ നാലാമത്തെ ഗോൾ നേടിയത്.
ഈ സീസണിലെ പ്രീമിയർ ലീഗിൽ താരത്തിന്‍റെ 15-ാം ഗോളായിരുന്നു ഇത്. സിറ്റിക്കായി 12 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ സ്വന്തമാക്കിയ ഹാലൻഡ് തുടർച്ചയായ 10-ാം മത്സരത്തിലാണ് ഗോൾ നേടിയത്.
ചെൽസിയും പോട്ടറും കുതിക്കുന്നു; പുതിയ പരിശീലകന് കീഴിൽ ഫോമിലേക്ക് തിരികെയെത്തി ചെൽസി. വോൾവ്‌സിനെതിരെ ഏകപക്ഷീയമായ 3 ഗോളുകളുടെ വിജയമാണ് ഗ്രാഹാം പോട്ടറിന്‍റെ സംഘം സ്വന്തമാക്കിയത്. ജയത്തോടെ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് എത്താനും പോട്ടറിന് കീഴിൽ തുടർച്ചയായ മൂന്ന് മത്സരങ്ങൾ ജയിക്കാനും ചെൽസിക്കായി.
ചെൽസിയുടെ സമ്പൂർണ്ണ ആധിപത്യം കണ്ട ആദ്യ പകുതിയിൽ ചെൽസിക്ക് ഗോൾ നേടാൻ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. മേസൺ മൗണ്ടിന്റെ ക്രോസ്സിൽ നിന്ന് കായ് ഹാവേർട്‌സ് ആണ് ചെൽസിയുടെ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യൻ പുലിസിക്കിലൂടെ രണ്ടാമത്തെ ഗോളും നേടിയതോടെ മത്സരത്തിൽ വീണ്ടും ചെൽസി അധിപത്യമായി. തുടർന്ന് പകരക്കാരനായി ഇറങ്ങിയ അർമാൻഡോ ബ്രോയ ചെൽസിയുടെ മൂന്നാമത്തെ ഗോളും നേടി ഗോൾ പട്ടിക പൂർത്തിയാക്കി. സീനിയർ ടീമിന് വേണ്ടിയുള്ള താരത്തിന്‍റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.
വീണ്ടും വിജയവഴിയിൽ ടോട്ടൻഹാം ഹോട്‌സ്‌പർ; ലീഗിൽ അട്ടിമറി വിജയങ്ങളുമായി കുതിച്ച ബ്രൈറ്റണെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടനത്തിന്‍റെ വിജയം. 22-ാം മിനുറ്റിൽ ഹാരി കെയ്‌ൻ നേടിയ ഗോളാണ് ജയം സമ്മാനിച്ചത്. മികച്ച സേവുകളുമായി ഗോൾകീപ്പർ ലോറിസിന്‍റെ പ്രകടനവും ജയത്തിൽ നിർണായകമായി. ജയത്തോടെ ടോട്ടനം പോയിന്‍റ് പട്ടികയിൽ മൂന്നാമതെത്തി.
മറ്റൊരു മത്സരത്തിൽ ബ്രന്‍റ്‌ഫോർഡിനെതിരെ ഗോൾമഴ തീർത്ത് ന്യൂകാസിൽ യുണൈറ്റഡ്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ന്യൂകാസിലിന്‍റെ വിജയം. ബ്രൂണോ ഗ്വയിമറാസ് ഇരട്ടഗോളുകൾ നേടിയപ്പോൾ മിഗ്വയൽ അൽമിറോൺ, ജേക്കബ് മർഫി എന്നിവർ ഓരോ ഗോൾ വീതവും നേടി. പിനോക്കിന്‍റെ സെൽഫ് ഗോൾ ന്യൂകാസിലിന് അഞ്ചാം ഗോൾ സമ്മാനിച്ചപ്പോൾ ഇവാൻ ടോണി പെനാൽറ്റിയിലൂടെയാണ് ബ്രന്‍റ്‌ഫോർഡിന്‍റെ ആശ്വാസ ഗോൾ നേടിയത്.