ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെ പരാജയപ്പെടുത്തി ലിവർപൂൾ. മേഴ്‌സിസൈഡ് ഡർബിയിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവർപൂളിന്‍റ വിജയം. രണ്ടാം പകുതിയിൽ ആന്‍റി റോബട്‌സണും ഡിവോക് ഒറിഗിയും നേടിയ ഗോളുകളിലാണ് ലിവർപൂളിന്‍റെ ജയം.
റിലഗേഷൻ സോണിൽ തുടരുന്ന എവർട്ടൺ പൂർണ്ണമായും പ്രതിരോധത്തിലൂന്നിയാണ് ലിവർപൂളിനേ നേരിട്ടത്. അത്കൊണ്ടുതന്നെ ലിവർപൂളിന് ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് എത്തിക്കാൻ ആയില്ല. മറുവശത്ത് എവർട്ടണും ടാർഗറ്റിലേക്ക് ഷോട്ടുകൾ ഉണ്ടായിരുന്നില്ല.
രണ്ടാം പകുതിയിൽ ഡയസും ഒറിഗിയും കളത്തിൽ എത്തി. ഇതിനു പിന്നാലെ സലാ നൽകിയ ക്രോസിൽ നിന്ന് റോബട്‌സൺ ഹെഡറിലൂടെ ലിവർപൂളിന് ലീഡ് നൽകി. ഗോൾ വഴങ്ങിയ എവർട്ടൺ ഉണർന്നു കളിച്ചെങ്കിലും ഗോൾ നേടാനായില്ല. 85-ാം മിനിറ്റിൽ ലൂയിസ് ഡിയസിന്‍റെ ക്രോസിൽ നിന്നും ഒറിഗിയുടെ ഹെഡർ ലിവർപൂളിന്‍റെ വിജയം ഉറപ്പിച്ചു. എവർട്ടണെതിരെ ഗോളടിക്കുന്ന പതിവ് ഒറിഗി ഈ മത്സരത്തിലും തുടർന്നു.
ഈ വിജയത്തോടെ ലിവർപൂൾ ഒന്നാമതുള്ള സിറ്റിക്ക് ഒരു പോയിന്‍റ് മാത്രം പിറകിലെത്തി. ലിവർപൂളിന് 79 പോയിന്‍റും സിറ്റിക്ക് 80 പോയിന്‍റുമാണുള്ളത്. ലീഗിൽ ആകെ അഞ്ച് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
ഇഞ്ച്വറി ടൈമിൽ ചെൽസി;വെസ്റ്റ് ഹാം യുണൈറ്റഡിനെതിരായ മത്സരത്തിൽ ചെൽസിക്ക് വിജയം. ജോർജിഞ്ഞോ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ പുലിസിക്കാണ് ചെൽസിയുടെ രക്ഷകനായത്. അലോൺസോയുടെ പാസിൽ നിന്നായിരുന്നു പുലിസിക്കിന്‍റെ ഗോൾ.