മാഞ്ചസ്റ്റര്‍:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം കനത്തു. ബ്രൈറ്റനെതിരായ ജയത്തോടെ ലിവർപൂളിനെ മറികടന്ന് പോയിന്‍റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റി വീണ്ടും മുന്നിലെത്തി. പൊരുതി കളിച്ച ബ്രൈറ്റനെ രണ്ടാം പകുതിയിൽ റിയാദ് മഹ്റെസ്, ഫിൽ ഫോഡൻ, ബെർണാഡോ സിൽവ എന്നിവർ നേടിയ മൂന്ന് ഗോളുകൾക്കാണ് സിറ്റി മറികടന്നത്.
53-ാം മിനിറ്റിൽ റിയാദ് മഹ്റെസിന്‍റെ ഷോട്ട് ബ്രൈറ്റൻ താരം ഡങ്കിന്‍റെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു. 65-ാം മിനിറ്റിൽ മഹ്റെസിന്‍റെ പാസിൽ നിന്നും ഫിൽ ഫോഡൻ നേടിയ ഗോളും ബ്രൈറ്റൻ പ്രതിരോധ താരങ്ങളിൽ തട്ടിയാണ് ഗോൾ ആയത്. 82-ാം മിനിറ്റിൽ ബ്രൈറ്റൻ ഗോൾ കീപ്പർ സാഞ്ചസിന്‍റെ പാസ് പിടിച്ചെടുത്ത് ഡിബ്രുയ്‌ൻ നൽകിയ പന്ത് ഗോൾ ആക്കി മാറ്റിയ ബെർണാർഡോ സിൽവ സിറ്റി ജയം പൂർത്തിയാക്കി. ജയത്തോടെ 32 മത്സരങ്ങൾക്ക് ശേഷം 77 പോയിന്‍റുള്ള സിറ്റി ലിവർപൂളിനെക്കാൾ ഒരു പോയിന്‍റ് മുകളിലാണ്.
സ്റ്റാൻഫോർഡ് ബ്രിഡ്‌ജിൽ ചെല്‍സിക്ക് തോൽവി;ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 3 തുടർ പരാജയങ്ങൾക്ക് ശേഷമുള്ള മത്സരത്തിൽ ലണ്ടൻ ചുവപ്പിച്ചു ആർസണൽ. ചെൽസിയുടെ മൈതാനമായ സ്റ്റാൻഫോർഡ് ബ്രിഡ്‌ജിൽ നടന്ന ലണ്ടൻ ഡർബിയിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ആഴ്‌സണൽ ജയം പിടിച്ചെടുത്തത്. 32 മത്സരങ്ങളില്‍ 57 പോയിന്‍റുമായി ആർസനല്‍ അഞ്ചാമതാണ്.