മാഞ്ചസ്റ്റര്‍:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ക്ലാസിക്ക് പോരാട്ടം. നിലവിലെ ചാംമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനെ നേരിടും. രാത്രി ഒൻപതിന് മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദിലാണ് മത്സരം നടക്കുന്നത്.
പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ നിർണായകമാകുന്നതാണ് മത്സരഫലം. കിരീടപ്പോരിലേക്ക് ഇനി ബാക്കിയുള്ളത് എട്ട് മത്സരങ്ങൾ മാത്രമാണ്. 30 കളിയിൽ 73 പോയിന്‍റുള്ള സിറ്റി ഒന്നാം സ്ഥാനത്താണ്. ഒറ്റപ്പോയിന്‍റ് കുറവുള്ള ലിവർപൂൾ തൊട്ടുപിന്നിൽ.
സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നതിന്‍റെ ആനുകൂല്യം സിറ്റിക്കുണ്ട്. ഓരോ പോയിന്‍റും നിർണായകമാകുന്ന ലീഗിൽ ആദ്യ രണ്ട് സ്ഥാനക്കാരുടെ പോരാട്ടം ആവേശകരമാകുമെന്നുറപ്പാണ്. അവസാന അഞ്ച് മത്സരങ്ങളിലും ജയിച്ചാണ് ലിവർപൂൾ എത്തുന്നത്. സീസണിൽ മുമ്പ് ഏറ്റുമുട്ടിയപ്പോൾ രണ്ട് ഗോൾ വീതമടിച്ച് ഇരുവരും സമനില പാലിച്ചിരുന്നു.
ALSO READ:EPL | പ്രീമിയർ ലീഗിൽ ചെല്‍സിയുടെ ഗോളടിമേളം, ആഴ്‌സണലിനെ ഞെട്ടിച്ച് ബ്രൈറ്റൺ
ഗ്രീലിഷ്, ഫോഡൻ, റിയാദ് മെഹ്‌റസ്, ബെർണാഡോ സിൽവ, കെവിൻ ഡിബ്രുയിൻ എന്നിവർ സിറ്റിയുടെ ആദ്യ ഇലവനിലുണ്ടാകും. ലിവർപൂൾ നിരയിലുള്ളതും അതിശക്തരാണ്. മുഹമ്മദ് സലാ, സാദിയോ മാനേ എന്നിവർക്കൊപ്പം മുന്നേറ്റനിരയിലെത്താൻ മത്സരിക്കുന്നത് ജോട്ട, ഫിർമിനോ, ഡിയാസ് എന്നിവരാണ്.