സ്റ്റാംഫോഡ് ബ്രിഡ്‌ജ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യൻമാരായ ചെൽസിക്ക് ഞെട്ടിക്കുന്ന തോൽവി. സ്വന്തം മൈതാനത്ത് ബ്രന്‍റ്‌ഫോർഡിനെ നേരിട്ട ചെൽസി ഒന്നിനെതിരെ നാലു ഗോളിന്‍റെ ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയത്. അന്‍റോണിയോ റൂഡിഗറിന്‍റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ചെൽസിയുടെ തോൽവി.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ റൂഡിഗർ ചെൽസിക്ക് ലീഡ് നൽകി. ഈ സീസൺ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു ഇത്. പക്ഷെ ആ ഗോളിന്‍റെ ആഘോഷം നിമിഷങ്ങൾ മാത്രമെ നീണ്ടു നിന്നുള്ളൂ. 50-ാം മിനിട്ടിൽ ജാനെറ്റിന്‍റെ ഇടം കാലൻ സ്ട്രൈക്കാണ് ബ്രന്‍റ്‌ഫോർഡിന് സമനില നൽകിയത്.
54-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നും എറിക്‌സൺ ചെൽസിയെ ഞെട്ടിച്ചു കൊണ്ട് ഗോൾ നേടി. 61-ാം മിനിട്ടിൽ വീണ്ടും ജാനെറ്റ് വീണ്ടും ചെൽസിയുടെ പ്രതിരോധം തകർത്ത് ഗോളടിച്ചു. ഇതിനു ശേഷം ചെൽസി മാറ്റങ്ങൾ വരുത്തിയെങ്കിലും ഫലം കണ്ടില്ല. 86-ാം മിനിട്ടിൽ വിസയിലൂടെ നാലാം ഗോൾ കൂടെ വന്നതോടെ ബ്രന്‍റ്‌ഫോർഡ് വിജയം ഉറപ്പാക്കി.
ചെൽസിയുടെ പ്രീമിയർ ലീഗ് സീസണിലെ നാലാം പരാജയം മാത്രമാണിത്. 29 മത്സരങ്ങളിൽ നിന്ന് 59 പോയിന്‍റുമായി മൂന്നാമതാണ് ചെൽസി. ബ്രന്‍റ്‌ഫോർഡ് 33 പോയിന്‍റുമായി 14-ാം സ്ഥാനത്താണ്.
സിറ്റി മുന്നോട്ട്, വിടാതെ ലിവർപൂൾ:പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി. ബേൺലിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്. കെവിൻ ഡിബ്രൂയിനും, ഇൽകായ് ഗുൺഡോഗനുമാണ് സിറ്റിക്കായി സ്കോർ ചെയ്‌തത്. അഞ്ചാം മിനിറ്റിലായിരുന്നു ഡിബ്രൂയിന്‍റെ ഗോൾ. 25-ാം മിനിറ്റിൽ ഗുൺഡോഗൻ ലീഡുയർത്തി. രണ്ടുഗോളിനും വഴിയൊരുക്കിയത് റഹീം സ്റ്റെർലിംഗായിരുന്നു. 73 പോയിന്‍റുമായാണ് നിലവിലെ ചാമ്പ്യൻമാരായ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 72 പോയിന്‍റുമായി ലിവർപൂള്‍ രണ്ടാമതുണ്ട്.
ALSO READ:LA LIGA | ഇരട്ട ഗോളുമായി ബെൻസെമ; വിജയവഴിയിൽ തിരിച്ചെത്തി റയൽ മാഡ്രിഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം കടുപ്പിച്ച് സിറ്റിക്ക് തൊട്ടുപിന്നാലെയുണ്ട് ലിവർപൂള്‍. ഇന്നലത്തെ മത്സരത്തില്‍ ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളിന് വാറ്റ്‌ഫോർഡിനെ തോൽപിച്ചു. ഇരുപകുതികളിലായി ഡീഗോ ജോട്ടയും ഫാബീഞ്ഞോയുമാണ് ലിവർപൂളിന്‍റെ ഗോളുകൾ നേടിയത്. ഗോൾകീപ്പർ അലിസൺ ബെക്കറിന്‍റെ തകർപ്പൻ സേവുകളും ലിവർപൂൾ വിജയത്തിൽ നിർണായകമായി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. ലെസ്റ്റർ സിറ്റിയുമായി ഓരോ ഗോളടിച്ചാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. കെലേച്ചി ഇഹെനാച്ചോയിലൂടെ ലെസ്റ്ററാണ് ആദ്യഗോൾ നേടിയത്. 63-ാം മിനിറ്റിലായിരുന്നു ലെസ്റ്ററിന്‍റെ ഗോൾ. മൂന്ന് മിനിറ്റിനകം ബ്രസീലിയൻ താരം ഫ്രെഡിലൂടെ യുണൈറ്റഡ് സമനില നേടി. 30 കളിയിൽ 51 പോയിന്‍റുമായി ലീഗിൽ ആറാം സ്ഥാനത്താണിപ്പോൾ യുണൈറ്റഡ്. 37 പോയിന്‍റുള്ള ലെസ്റ്റർ ഒൻപതാം സ്ഥാനത്തും.