ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് ഗംഭീര ജയം. ആഴ്‌സണലിനെ അവരുടെ തട്ടകമായ എമിറേറ്റ് സ്‌റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് തോൽപിച്ചത്. 54-ാം മിനിറ്റിൽ ജോട്ടയും 62-ാം മിനിറ്റിൽ റോബര്‍ട്ടോ ഫിർമിനോയുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.
ഇതോടെ പ്രീമിയർ ലീഗിലെ കിരീടപ്പോര് കൂടുതൽ കനത്തു. ഈ വിജയത്തോടെ ലിവർപൂളിന് 29 മത്സരങ്ങളിൽ നിന്ന് 69 പോയിന്‍റായി. നിലവിൽ ഒന്നാമതുള്ള സിറ്റിക്ക് ഒരു പോയിന്‍റ് മാത്രം പിറകിലാണ് ലിവർപൂൾ. ആഴ്‌സണൽ 51 പോയിന്‍റുമായി നാലാമതാണ്.
റെക്കോഡുമായി ഹാരി കെയ്ൻ, ടോട്ടനം വീണ്ടും വിജയവഴിയിൽ
മാഞ്ചസ്റ്റർ യുണൈറ്റഡിനോടേറ്റ പരാജയത്തിൽ നിന്നും കരകയറി ടോട്ടനം. എവേ മത്സരത്തിൽ ബ്രൈറ്റണെ എതിരില്ലാത്ത രണ്ടു ഗോളിനാണ് പരാജയപ്പെടുത്തി. 37-ാം മിനുട്ടിൽ ക്രിസ്റ്റ്യൻ റൊമേറോ ആണ് ടോട്ടനത്തിന് ലീഡ് നൽകിയത്. രണ്ടാംപകുതിയിൽ ഹാരി കെയ്ന്‍റെ ഗോളിലൂടെ ടോട്ടനം വിജയം ഉറപ്പിച്ചു.
ഹാരി കെയ്‌ന്‍റെ പ്രീമിയർ ലീഗിലെ 95ആം എവേ ഗോളായിരുന്നു ഇത്. ഈ ഗോളോടെ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ എവേ ഗോൾ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി കെയ്ൻ. ടോട്ടനം ഈ വിജയത്തോടെ 28 മത്സരങ്ങളിൽ നിന്ന് 48 പോയിന്‍റുമായി 7-ാം സ്ഥാനത്താണ്. ബ്രൈറ്റൺ ഇത് തുടർച്ചയായ ആറാം പരാജയമാണ്. ഈ ആറ് മത്സരങ്ങളിലായി ബ്രൈറ്റൺ ആകെ ഒരു ഗോളാണ് നേടിയത്.
ALSO READ:UEFA Champions League | അനായാസം ചെൽസി, യുവന്‍റസിനെ തകർത്ത് വിയ്യറയൽ ക്വാർട്ടറിൽ