ദോഹ : ഖത്തറില്‍ വിശ്വകിരീടത്തിനായുള്ള പോര് അവസാനത്തിലെത്തി നില്‍ക്കുകയാണ്. അട്ടിമറികള്‍ ഏറെ കണ്ട ടൂര്‍ണമെന്‍റില്‍ മിന്നുന്ന പ്രകടനത്തോടെ ഒരുപിടി യുവതാരങ്ങളാണ് ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്‌ത സാഹചര്യങ്ങളില്‍ നിന്നെത്തിയാണ് പല കളിക്കാരും മിന്നുന്ന പ്രകടനം നടത്തിയത്.
ഇത്തരക്കാരെ വമ്പന്‍ ക്ലബ്ബുകള്‍ നോട്ടമിട്ടുകഴിഞ്ഞുവെന്ന് ഉറപ്പാണ്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയില്‍ വമ്പന്‍ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരങ്ങളെ അറിയാം.
സോഫിയാൻ അംറബത്ത് (മൊറോക്കോ)
ഖത്തര്‍ ലോകകപ്പിലെ മികച്ച ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു സോഫിയാൻ അംറബത്ത്. ഖത്തറിലെ മൊറോക്കോയുടെ മുന്നേറ്റത്തില്‍ വലിയ പങ്കാണ് താരത്തിനുള്ളത്. ക്വാർട്ടറില്‍ പോർച്ചുഗലിനെതിരെയും ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിനിനെതിരെയും നടത്തിയ താരത്തിന്‍റെ മിന്നും പ്രകടനം ശ്രദ്ധേയമായിരുന്നു. ഇറ്റാലിയന്‍ ക്ലബ് ഫിയോറന്‍റീനയുടെ താരമായ സോഫിയാന് 2024 വരെ കരാറുണ്ട്. എന്നാല്‍ ഇതിനകം തന്നെ 26കാരനായി നിരവധി വമ്പന്മാരുടെ അന്വേഷണമുണ്ടെന്നാണ് ക്ലബ് വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.
റിറ്റ്‌സു ഡോൻ (ജപ്പാന്‍)
പ്രീ ക്വാര്‍ട്ടറിലേക്കുള്ള ജപ്പാന്‍ മുന്നേറ്റം ഒരു കൂട്ടായ പരിശ്രമമായിരുന്നു, എന്നാൽ ചില താരങ്ങളുടെ പ്രകടനം വേറിട്ടു നിന്നു. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട പേരാണ് വിങ്ങര്‍ റിറ്റ്‌സു ഡോനിന്‍റേത്. ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിക്കും സ്‌പെയിനിനുമെതിരെ ഗോള്‍ നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. സീസണിന്‍റെ തുടക്കത്തിൽ ജര്‍മന്‍ ക്ലബ് ഫ്രീബർഗുമായി 24 കാരനായ റിറ്റ്‌സു കരാറിലെത്തിയിരുന്നു. എന്നാല്‍ ജപ്പാന്‍ താരത്തിനായി മാഞ്ചസ്റ്റർ സിറ്റിയും റോമയും ഉള്‍പ്പടെയുള്ള ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജോവോ ഫെലിക്‌സ് (പോർച്ചുഗൽ)
ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയോടേറ്റ തോല്‍വിക്ക് പിന്നാലെ പോർച്ചുഗലിന്‍റെ യാത്ര അവസാനിച്ചെങ്കിലും 23കാരനായ ജോവോ ഫെലിക്‌സിന് ഇത് പുതിയ തുടക്കമാവും. ഡീഗോ സിമിയോണുമായുള്ള പ്രീതി നഷ്ടപ്പെട്ടതിന് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്നും പുറത്താവലിന്‍റെ വക്കിലായിരുന്നു താരം. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി ഖത്തറില്‍ തിളങ്ങിയ താരത്തിനായി വമ്പന്മാരെത്തുമെന്നതില്‍ തര്‍ക്കമില്ല.
എൻസോ ഫെർണാണ്ടസ് (അർജന്‍റീന)
അർജന്‍റീനയുടെ മധ്യനിരയിലേക്ക് എൻസോ ഫെർണാണ്ടസിനെ അവതരിപ്പിച്ചത് ഖത്തര്‍ ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായി. മെക്‌സിക്കോയ്‌ക്ക് എതിരായ മത്സരത്തില്‍ ഗോള്‍ നേടി തിളങ്ങിയ 21കാരന്‍ മികച്ച പ്രകടനമാണ് ടൂര്‍ണമെന്‍റില്‍ കാഴ്‌ചവയ്‌ക്കുന്നത്.
ബെന്‍ഫിക്കയുടെ താരമായ എൻസോയുടെ ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനലിലെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഈ സീസണിന്‍റെ തുടക്കത്തിലാണ് താരം ബെന്‍ഫിക്കയിലെത്തിയത്. ഇതിനകം തന്നെ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ യൂറോപ്യന്‍ വമ്പന്മാരുടെ റഡാറില്‍ താരം പതിഞ്ഞതില്‍ അൽപ്പം പോലും അതിശയിക്കാനില്ല.