ഇംഗ്ലീഷ് പ്രീമിയർ ലീഗ്കിരീടത്തിനായി രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിലാണ് ആഴ്‌സണൽ ആരാധകർ. 2003-04 സീസണിലാണ് ആഴ്‌സണൽ അവസാനമായി പ്രീമിയർ ലീഗ് നേടിയത്. സീസണിൽ ഒറ്റ മത്സരത്തിൽപോലും തോൽവി അറിയാതെയാണ് ഇതിഹാസ പരിശീലകനായ ആഴ്‌സൻ വെംഗർ ഗണ്ണേഴ്‌സിനെ അന്ന് ലീഗ് ജേതാക്കളാക്കിയത്.
അതിന് ശേഷം ഈ സീസണിലാണ് പീരങ്കിപ്പട കിരീടത്തോട് അടുത്ത് നിൽക്കുന്നത്. മുൻ ആഴ്‌സണൽ താരമായിരുന്ന മൈക്കൽ അർട്ടേറ്റ 2019 ലാണ് ടീമിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. തകർച്ചയുടെ വക്കിലായിരുന്ന ടീമിനെ അർട്ടേറ്റയുടെ പരിശീലക മികവാണ് തിരികെ പ്രതാപത്തിലേക്ക് എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്. ലീഗിൽ 30 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 73 പോയിന്‍റുമായാണ് പോയിന്‍റ് പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. 6 പോയിന്‍റ് വ്യത്യാസത്തിൽ 67 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് കിരീടപ്പോരിൽ ആഴ്‌സണലിന് വെല്ലുവിളി ഉയർത്തുന്നത്.
ലീഗിലെ അവസാന ഏഴ് മത്സരങ്ങളുടെ വിജയക്കുതിപ്പുമായി ലിവർപൂളിനെതിരെ ഇറങ്ങിയ ഗണ്ണേഴ്‌സ് സമനില കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ലിവർപൂളിനെതിരെ ആദ്യ 30 മിനിട്ടിനകം രണ്ട് ഗോളുകളുടെ ലീഡ് നേടിയ ശേഷമാണ് സമനില വഴങ്ങിയത്. ഈ സമനിലയോടെ സിറ്റിയുമായുള്ള ലീഡുയർത്താനുള്ള അവസരമാണ് നഷ്‌ടമാക്കിത്. ഇതോടെ ലീഗ് കിരീടത്തിനായുള്ള പോരാട്ടം കൂടുതൽ ശക്‌തമാകുകയാണ്.
ഈ മത്സരഫലം യഥാർഥത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗുണം ചെയ്‌തുവെന്ന് പറയാം. കാരണം, ആഴ്‌സണലിനേക്കാൾ ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി ആറ് പോയിന്‍റ് മാത്രം പിന്നിലാണ്. ലീഗിൽ എട്ട് മത്സരങ്ങൾ ബാക്കിനിൽക്കെ ആഴ്‌സണലിനെതിരെയും മത്സരം ബാക്കിയുള്ളതും സിറ്റിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ശേഷിക്കുന്ന ഒൻപത് മത്സരങ്ങളിൽ നിന്ന് പരമാവധി പോയിന്‍റുകൾ നേടി പോയിന്‍റ് ടേബിളിൽ ഒപ്പമെത്താനായാൽ ഗോൾ വ്യത്യാസത്തിലും നേർക്കുനേർ പോരാട്ടത്തിലെ വിജയവും സിറ്റിയെ ഒന്നാം സ്ഥാനത്തെത്തിക്കും.
ഏപ്രിൽ 26ന് സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി - ആഴ്‌സണൽ പോരാട്ടം കിരീടപ്പോരാട്ടത്തിൽ നിർണായകമാകും. നിലവിലെ ഫോമനുസരിച്ച് സതാംപ്‌ടൺ, വെസ്റ്റ്ഹാം യുണൈറ്റഡ് ടീമുകൾക്കെതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ പരമാവധി ആറ് പോയിന്‍റുകൾ ആഴ്‌സണലിന് നേടാനായാൽ ഇത്തിഹാദിൽ ആത്മവിശ്വാസത്തോടെ സിറ്റിയെ നേരിടാം. എങ്കിലും സ്വന്തം മൈതാനത്ത് മികച്ച റെക്കോഡുള്ള സിറ്റിയെ കീഴടക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല.
പ്രീമിയർ ലീഗ് ഒഴികെ ബാക്കിയുള്ള ചാമ്പ്യൻഷിപ്പുകളിൽ പുറത്തായ ആഴ്‌സണലിന് ലീഗ് കിരീടത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയാകും. പ്രീമിയർ ലീഗിൽ ആഴ്‌സണലിനെ കാത്തിരിക്കുന്നത് വമ്പൻ മത്സരങ്ങളാണ്. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് എന്നിവർക്കൊപ്പം അട്ടിമറി വീരൻമാരായ ബ്രൈറ്റൺ, വോൾവ്സ് എന്നീ ടീമുകൾക്കെതിരെയും മത്സരങ്ങളുണ്ട്. അതുകൊണ്ട് തന്നെ ലീഗ് അവസാനത്തിലേക്ക് അടുക്കുന്നതോടെ സമ്മർദ സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും ആഴ്‌സണലിന്‍റെ മുന്നോട്ടുള്ള കുതിപ്പ്.
എന്നാൽ മറുവശത്ത് സിറ്റിയുടെ സാഹചര്യം അങ്ങനെയല്ല. എല്ലാ ചാമ്പ്യൻഷിപ്പുകളിലും ഏഴ് മത്സരങ്ങളിലും തുടർച്ചയായ ജയത്തോടെ മികച്ച ഫോമിലാണ്. എങ്കിലും സിറ്റിയെ കാത്തിരിക്കുന്നത് തിരക്കേറിയ മത്സരദിനങ്ങളാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെതിരെയും എഫ് എ കപ്പ് സെമിഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡിനെതിരെയും മത്സരങ്ങളുണ്ട്. ഇതിൽ തന്നെ ബയേണിനെതിരായ മത്സരം അവർക്ക് നിർണായകമാണ്.