ലണ്ടൻ: നിങ്ങൾ ഇതുവരെ കണ്ടതല്ല, ഇനി കാണാൻ പോകുന്നത്. കൂടാരം വിട്ട് പുതിയ കൂട് തേടിയ സൂപ്പർ താരങ്ങൾ ഏത് കുപ്പായത്തിലാണ് ഇനി മൈതാനത്ത് ആവേശം നിറയ്ക്കുക എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരെല്ലാം പുതിയ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. അതില്‍ ആരൊക്കെ കളിക്കളത്തില്‍ ഉണ്ടാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളുമടക്കം പ്രമുഖ ടീമുകളെല്ലാം ഈ സമ്മർ ട്രാൻസ്‌ഫറിൽ നിരവധി പ്രതിഭാധരരായ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രധാന ടീമുകളുടെയുമെല്ലാം പ്ലെയിങ് ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് തന്നെയാകും പുതിയ സീസൺ സാക്ഷിയാകുക.
ഇന്നലെ വരെ പ്രധാന താരങ്ങളായിരുന്നവർ പുതിയ സീസണില്‍ മറ്റ് ടീമുകളിലേക്ക് ചേക്കേറി. ചിരവൈരികളായ ടീമുകളിലേക്കാണ് പല താരങ്ങളും കൂടുമാറ്റം. ടീമിന്‍റെ പ്രധാന താരങ്ങളായിരുന്നവർ ഇന്ന് ടീം വിടുമ്പോൾ ആ വിടവ് നികത്താൻ മിന്നും താരങ്ങളെയാണ് വമ്പൻ ക്ലബുകളെല്ലാം ടീമിലെത്തിച്ചിരിക്കുന്നത്. താരസമ്പന്നമായ ടീമുകളുടെ പ്ലെയിങ് ഇലവനിൽ സ്ഥിരമായി അവസരമില്ലാത്തതാണ് ചില താരങ്ങൾ പുതിയ ടീമുകളെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ ഏഴ് സീസണുകളിലായി മാഞ്ചസ്‌റ്റർ സിറ്റിയുടെ മുന്നേറ്റ നിരയ്‌ക്ക് ചുക്കാൻ പിടിച്ചിരുന്ന ഇംഗ്ലണ്ട് താരം റഹീം സ്റ്റെർലിങ് ഇനി എത്തിഹാദിലെ ആരാധക ആവേശത്തിൽ പന്തു തട്ടില്ല. ഈ സമ്മർ ട്രാൻസ്‌ഫർ വിൻഡോയിൽ ടീം വിട്ട സ്റ്റെർലിങിനെ ചെൽസിയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ജാക്ക് ഗ്രീലിഷിനെ സിറ്റി സ്വന്തമാക്കിയതിനെ തുടര്‍ന്ന് സ്റ്റെര്‍ലിങിന് അവസരങ്ങള്‍ കുറഞ്ഞിരുന്നു. എര്‍ലിങ്ങ് ഹാലൻഡ്, ജൂലിയന്‍ അല്‍വാരസ് എന്നീ പുതിയ സൈനിങ്ങുകള്‍ സിറ്റി നടത്തിയിരുന്നു. തുടര്‍ന്നാണ് ക്ലബ് വിടാന്‍ താരം തിരുമാനിച്ചെതെന്നാണ് വിലയിരുത്തുന്നത്. 2015ലില്‍ 49 മില്യണ്‍ യൂറോ മുടക്കിയാണ് സ്റ്റെര്‍ലിങിനെ സിറ്റി ലിവര്‍പൂളില്‍ നിന്ന് സ്വന്തമാക്കിയിരുന്നത്. സിറ്റിക്കായി 339 മത്സരങ്ങളില്‍ നിന്നായി 131 ഗോളുകളും നേടിയിട്ടുണ്ട്.
മുന്നേറ്റ നിരയിൽ അടിമുടി മാറ്റവുമായി മാഞ്ചസ്റ്റർ സിറ്റി: പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി സെർജിയോ അഗ്യൂറോ ടീം വിട്ടതിന് ശേഷം സ്പെഷ്യലിസ്റ്റ് സ്ട്രൈക്കർ ഇല്ലാതെയാണ് കളിക്കുന്നത്. വിങർമാരെയും മിഡ്‌ഫീൽഡർമാരെയും ആശ്രയിച്ചായിരുന്നു സിറ്റിയുടെ മുന്നേറ്റം.
പുതിയ സീസണിന് ഇറങ്ങും മുൻപ് രണ്ട് ഗോളടിവീരൻമാരെ സിറ്റി സ്വന്തമാക്കിക്കഴിഞ്ഞു. ബൊറൂസ്യ ഡോർട്‌മുണ്ടിന്‍റെ എർലിങ് ഹാലൻഡിനെയും അർജന്‍റൈൻ സ്ട്രൈക്കർ ജൂലിയൻ അൽവാരസിനേയും. ഇതോടൊപ്പം ലീഡ്‌സ് യുണൈറ്റഡിൽ നിന്നും കാൽവിൻ ഫിലിപ്‌സ്, സ്റ്റെഫാൻ ഒർട്ടേഗ എന്നിവരെയും സിറ്റി എത്തിഹാദിൽ എത്തിച്ചുകഴിഞ്ഞു. ഹാലൻഡിനെയും അൽവാരസിനെയും സിറ്റി സ്വന്തമാക്കിയപ്പോൾ റഹിം സ്റ്റെർലിങും ഗബ്രിയേൽ ജെസ്യൂസും ടീം വിട്ടുപോയി.
ഹാലൻഡും അൽവാരസും ടീമിലേക്ക് എത്തുമ്പോൾ ഇതുവരെ സിറ്റി പിന്തുടർന്നിരുന്ന ഫാൾസ് നയൻ ശൈലി മാറേണ്ടിവരും. മുന്നേറ്റനിരയിൽ പുതിയ താരങ്ങളെത്തുമ്പോൾ ടീമിന്‍റെ ശൈലിയിൽ മാറ്റം വരുത്തേണ്ടത് പെപ് ഗാർഡിയോക്ക് ജോലി അധികമാക്കും. പെപ് ഇതുവരെ മനോഹരമായിട്ടാണ് ടീമിനെ മുന്നോട്ടുകൊണ്ടുപോയത്. ഇനിയും ഈ മികവ് തുടരാൻ കഴിയുമെന്നാണ് ആരാധകരുടെയും മാനേജ്‌മെന്‍റിന്‍റെയും പ്രതീക്ഷ. പുതിയ മുന്നേറ്റ താരങ്ങളെ ടീമിലെത്തിച്ചതോടെ സിറ്റിക്ക് കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് കിരീടം എത്തിഹാദിലെത്തിക്കാനാവുമെന്ന വിശ്വാസത്തിലാകും അടുത്ത സീസണിൽ കളത്തിലിറങ്ങുക.
യൂർഗൻ ക്ലോപ്പിന്‍റെ ചെമ്പട: കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ രണ്ട് തവണയാണ് ലിവർപൂൾ നിരാശരായത്. അത്യന്തം ആവേശകരമായ പ്രീമിയർ ലീഗിൽ ഒരു പോയിന്‍റ് വ്യത്യാസത്തിലാണ് രണ്ടാമതായതെങ്കിൽ റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിനീഷ്യസ് ജൂനിയറിന്‍റെ ഗോളാണ് ക്ലോപ്പിന്‍റെയും സംഘത്തിന്‍റെയും ഹൃദയം തകർത്തത്. ഇതിനെല്ലാം കണക്ക് തീർക്കാനാകും ലിവർപൂളിന്‍റെ വരവ്.
ഈ സമ്മർ ട്രാൻസ്‌ഫറിൽ പോർച്ചുഗീസ് ക്ലബ് ബെനഫിക്കയുടെ ഉറുഗ്വൻ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസിനെ ലിവര്‍പൂള്‍ സ്വന്തമാക്കി. 80 മില്ല്യൺ ട്രാൻസ്‌ഫർ തുകയും, 20 മില്യൺ ആഡ് ഓണുമടക്കം 100 മില്യണ്‍ യൂറോയാണ് ന്യൂനസിനായി ലിവര്‍പൂള്‍ മുടക്കിയത്. ഈജിപ്‌ഷ്യൻ താരം മുഹമ്മദ് സലാഹും ഡിയഗോ ജോട്ടയും ഫിർമിനോയും നയിക്കുന്ന മുന്നേറ്റ നിരയിൽ ഡാർവിൻ ന്യൂനസ് കൂടെ ചേരുമ്പോൾ ലിവർപൂളിനെ പിടിച്ചുകെട്ടാൻ ഏത് വമ്പൻ ടീമുകളും വിയർക്കും.
ലിവർപൂളിന്‍റെ മുന്നേറ്റത്തിലെ പ്രധാന താരമായിരുന്ന സാദിയോ മാനെ കഴിഞ്ഞ സീസണിന്‍റെ അവസാനത്തോടെ ടീം വിട്ടിരുന്നു. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂനിക്കാണ് താരത്തെ സ്വന്തമാക്കിയത്. ഇതോടെ ടീമിന്‍റെ മുന്നേറ്റത്തിൽ പരിശീലകൻ ക്ലോപ്പ് അഴിച്ചുപണി നടത്തേണ്ടി വരുമെന്നുറപ്പാണ്. ന്യൂനസിനെ കൂടാതെ സ്കോട്ടിഷ് ക്ലബായ അബർഡീനിൽ നിന്ന് യുവപ്രതിരോധ താരമായ കാൽവിൻ റാംസെയെയും ഫുൾഹാമിൽ നിന്നും പോർച്ചുഗീസ് യുവതാരം ഫാബിയോ കാർവാലോയെയും ടീമിലെത്തിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കാൻ എറിക് ടെൻ ഹാഗ്:ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 13 പ്രീമിയർ ലീഗും രണ്ട് ചാമ്പ്യൻസ് ലീഗുകളും മാഞ്ചസ്‌റ്ററിലെത്തിച്ച ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൺ 2013 ൽ പടിയിറങ്ങിയതിന് ശേഷം യുണൈറ്റഡിന്‍റെ അവസ്ഥ വളരെ പരിതാപകരമാണ്. അലക്‌സ് ഫെർഗൂസണിന് ശേഷമുള്ള 9 സീസണുകളിൽ സ്ഥിരപരിശീലകരും താത്കാലിക പരിശീലകരുമടക്കം 5 പേരെ കൊണ്ടുവന്നെങ്കിലും കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാനായില്ല.